തൊട്ടരികിലൂടെ നിയന്ത്രണം വിട്ട് വാൻ; മരണത്തിൽ നിന്ന് അദ്ഭുതകരമായ രക്ഷപ്പെടൽ; വീഡിയോ

മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരാളുടെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ. കൊല്ലം ചവറയിൽ ദേശീയ പാതയിൽ ഉണ്ടായ അപകടത്തിൽ നിന്നാണ് മധ്യവയസ്‌കൻ രക്ഷപ്പെട്ടത്. അമിതവേഗത്തിലെത്തിയ മിനി വാൻ മധ്യവയസ്‌കന്റെ തൊട്ടടുത്ത് കൂടി പാഞ്ഞുപോയി മറിയുകയായിരുന്നു. അദ്ഭുതകരമായി രക്ഷപ്പെട്ട അദ്ദേഹത്തെ തിരയുകയാണിപ്പോൾ നാട്ടുകാർ.
വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയിൽ വിജയപാലസിന് സമീപമാണ് സംഭവം. റോഡിന് ഓരം ചേർന്ന് ശങ്കരമംഗലം ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു അദ്ദേഹം. എതിർദിശയിൽ നിന്നും ഒരു വാനും പിന്നാലെ ലോറിയും വരുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ നടന്നുപോകുന്നയാളുടെ പിന്നിൽ നിന്ന് ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇൻസുലേറ്റഡ് മിനി വാൻ നിയന്ത്രണം വിട്ട് റോഡും കടന്ന് അയാളുടെ ഇടതു വശത്തു കൂടി കടന്നുപോയി.
മുന്നിലെ ക്യാമറത്തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് മധ്യവയസ്‌കന് സ്ഥലകാല ബോധം വന്നത്. തിരിഞ്ഞോടിയ ശേഷം അൽപ സമയം നിൽക്കുകയും വന്നവഴിക്ക് തിരിച്ച് നടക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം.
സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു ചങ്ങനാശേരിയിലുള്ള വാൻ. രണ്ട് പേരായിരുന്നു വാനിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here