ബിജെപി സ്ഥാനാർത്ഥിത്വം; വിവാദങ്ങളോട് പ്രതികരിച്ച് രഞ്ജൻ ഗൊഗോയ്

അസം നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് തരുൺ ഗൊഗോയിയുടെ പ്രസ്താവനയോട് പ്രതികരിച്ച് സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും അത്തരമൊരു ആഗ്രഹം തനിക്കില്ലെന്നും രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രഞ്ജൻ ഗൊഗോയിയുടെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്നവരും രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം ജനങ്ങൾക്ക് മനസിലാകാത്തത് ദൗർഭാഗ്യകരമാണ്. രാജ്യസഭയിലേക്ക് നാമനിർദേശം സ്വീകരിച്ചത് ബോധപൂർവമാണ്. അതിലൂടെ സ്വതന്ത്രമായി വിഷയങ്ങളിൽ അഭിപ്രായം പറയാൻ സാധിക്കും. പിന്നെ എങ്ങനെയാണ് താനൊരു രാഷ്ട്രീയക്കാരനായി മാറുന്നതെന്നും രഞ്ജൻ ഗൊഗോയി ചോദിക്കുന്നു.
ഇന്നലെയായിരുന്നു അസം മുൻ മുഖ്യമന്ത്രി കൂടിയായ തരുൺ ഗൊഗോയിയുടെ പ്രതികരണം. രഞ്ജൻ ഗൊഗോയ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്നും ഇത് സംബന്ധിച്ച വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തരുൺ ഗൊഗോയ് പറഞ്ഞിരുന്നു. രാജ്യസഭയിലേക്ക് പോകാൻ അദ്ദേഹത്തിന് മടിയില്ലെങ്കിൽ രാഷ്ട്രീയത്തിൽ പരസ്യമായി ഇറങ്ങുന്നതിന് എന്താണ് തടസമെന്നും തരുൺ ഗൊഗോയ് ചോദിച്ചിരുന്നു.
Story Highlights – Ranjan gogoi, Assam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here