ചാമ്പ്യൻസ് ലീഗ് ഫൈനലിലെ തോൽവി; പാരീസിൽ കലാപം: ദൃശ്യങ്ങൾ

ബയേൺ മ്യൂണിക്കിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് ക്ലബ് പാരിസ് സെൻ്റ് ജെർമൻ പരാജയപ്പെട്ടതിനെ തുടർന്ന് രാജ്യതലസ്ഥാനമായ പാരീസിൽ കലാപം. കൊവിഡ് റെഡ് സോണിൽ ഉൾപ്പെട്ട പ്രദേശമായിരുന്നിട്ടും ആയിരക്കണക്കിന് ആളുകളാണ് കൂട്ടത്തോടെ തെരുവിലിറങ്ങിയത്.
പിഎസ്ജിയുടെ ഹോം ഗ്രൗണ്ടായ പാർക്ക് ദേ പ്രിൻസ കേന്ദ്രീകരിച്ചാണ് കലാപകാരികൾ തെരുവ് കീഴടക്കിയത്. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ പൊലീസിന് കണ്ണീർവാതകവും ലാത്തി ചാർജും പ്രയോഗിക്കേണ്ടി വന്നു. സംഭവത്തിൽ 148 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : ‘മാമനോട് ഒന്നും തോന്നല്ലേ മക്കളേ’യെന്ന് കുട്ടീഞ്ഞോ; വൈറലായി ചാമ്പ്യൻസ് ലീഗ് ട്രോളുകൾ
ഫൈനൽ വിസിൽ മുഴങ്ങിയതിനു പിന്നാലെയാണ് ആരാധകർ പാരിസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പലപ്പോഴും കലാപകാരികൾ പൊലീസുമായി ഏറ്റുമുട്ടി. ക്ലബ് പതാകകളും സ്കാർഫുകളുമായി റോഡിലേക്കിറങ്ങിയ ആരാധകർ ഗതാഗതം തടസ്സപ്പെടുത്തി. പൊലീസ് വാഹനം അഗ്നിക്കിരയാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം മാസ്ക് ഉപയോഗിച്ച് മാത്രമേ പുറത്തിറങ്ങാവൂ എന്ന് നിർദ്ദേശം ഉണ്ടായിരുന്നു എങ്കിലും ആരാധകരിൽ പലരും അത് നിരസിച്ചു.
സ്റ്റേഡിയത്തിലെ കൂറ്റൻ സ്ക്രീനിൽ കളി കാണാനെത്തിയവരിൽ ഭൂരിഭാഗം ആളുകളും മാസ്ക് അണിഞ്ഞിട്ടില്ലായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. 12 കടകൾ നശിപ്പിക്കുകയും 16 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേൽക്കുകയും ചെയ്തു. 15 വാഹനങ്ങളും കലാപകാരികൾ നശിപ്പിച്ചു.
Read Also : ചരിത്രം തിരുത്താൻ പിഎസ്ജി; നാളെ ചാമ്പ്യൻസ് ലീഗിൽ കലാശക്കൊട്ട്
ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനൽ പ്രവേശം നേടിയ പിഎസ്ജി മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടത്. 59ആം മിനിട്ടിൽ കിംസ്ലി കോമാൻ നേടിയ ഗോളാണ് മത്സരഫലം നിർണയിച്ചത്. ജയത്തോടെ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി 11 മത്സരങ്ങൾ വിജയിച്ച ടീം എന്ന റെക്കോർഡും ബയേൺ സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് കപ്പടിച്ച ടീം എന്ന റെക്കോർഡും ഇതോടെ ജർമ്മൻ ചാമ്പ്യന്മാർക്ക് സ്വന്തം.
Story Highlights – Riots Erupt in Paris Following PSG’s Champions League Final Loss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here