എഴുപത്തി മൂന്ന് ദിവസങ്ങൾ കൊണ്ട് കൊവിഡ് വാക്‌സിൻ വിപണിയിലെത്തുമോ?[ 24 Fact check]

കൊവിഡാണോ വ്യാജവാർത്തകളാണോ വ്യാപനത്തിൽ മുന്നിൽ എന്ന് ചോദിച്ചാൽ അത് വ്യാജവാർത്തകൾ തന്നെയെന്ന് പറയേണ്ടതായി വരും. അതിന് കാരണം പലപ്പോഴും ജാഗ്രത കുറവ് തന്നെയെന്ന് പറയുന്നതിൽ അതിയോക്തി ഒട്ടും തന്നെയില്ല. അതിന് ഉദാഹരണമാണ് 73 ദിവസം കൊണ്ട് കൊവിഡ് വാക്‌സിൻ വിപണിയിലെത്തുമെന്ന വാർത്ത വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.
കൊവിഷീൾഡ് എന്ന് വിളിക്കപ്പെടുന്ന ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി- അസ്ട്രസെനെക്ക വാക്‌സിൻ 73 ദിവസത്തിനകം പുറത്തിറങ്ങുമെന്നാണ് പ്രചരിച്ച വ്യാജവാർത്ത. കേരളത്തിലെന്നല്ല ഇന്ത്യയിലൊട്ടാകെ ഈ തെറ്റായ വാർത്ത വ്യാപകമായി പ്രചരിച്ചു.
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇത് തെറ്റെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്. ഓക്സ്ഫോർഡ് സർവകലാശാലയുടെ കൊവിഡ് പ്രതിരോധ വാക്സിൻ നിർമാണത്തിൽ ആസ്ട്രസെനകയുടെ നിർമാണ പങ്കാളിയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.
കൊവിഷീൽഡിന്റെ നിർമാണത്തിനും, ഭാവി ഉപയോഗത്തിനായി വാക്സിൻ സംഭരിക്കുന്നതിനും മാത്രമാണ് നിലവിൽ ഈ കമ്പനിയ്ക്ക് അനുവാദം ഉള്ളത്. രാജ്യത്ത് ഇപ്പോൾ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് പുരോഗമിക്കുന്നത്. ഓഗസ്റ്റ് 22 ന് 20 കേന്ദ്രങ്ങളിലായാണ് പരീക്ഷണം ആരംഭിച്ചത്. 1600 പേരിലാണ് പരീക്ഷണം. ഈ പരീക്ഷണങ്ങളിൽ വാക്സിൻ വിജയകരമാണെന്ന് തെളിഞ്ഞുകഴിഞ്ഞാൽ വാക്സിൻ വാണിജ്യവത്കരിക്കും. ഇതിന് ആവശ്യമായ റെഗുലേറ്ററി അപ്രൂവൽ കമ്പനിയ്ക്കുണ്ട്. മരുന്ന് വിജയകരമായാൽ ഔദ്യോഗിക പ്രഖ്യാപനം തങ്ങൾ നടത്തുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ട്വീറ്റ് ചെയ്തു. അതുവരെ വാക്‌സിൻ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളിൽ നിന്ന് അകന്ന് നിൽക്കണമെന്നും ഈ ട്വീറ്റിന് അർത്ഥമുണ്ട്.
നിലവിൽ രണ്ടിനും- കൊവിഡിനും വ്യാജ വാർത്തകൾക്കും- വാക്‌സിൻ പ്രചാരത്തിലില്ല. ഒരിത്തിരി ജാഗ്രത കാണിച്ചാൽ രണ്ടിൽ നിന്നും വളരെ എളുപ്പം രക്ഷപെടാം.
Story Highlights -Will the covid vaccine reach the market in 73 days? [24 Fact check]
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here