സെക്രട്ടേറിയറ്റിലെ തീപിടുത്തം; പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി

സെക്രട്ടേറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി. എസ്പി അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന. ഫൊറൻസിക് സംഘവും സെക്രട്ടേറിയറ്റിലെ പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നു. അന്വേഷണ ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്.
തീപിടിത്തം വൻ വിവാദമായതോടെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ലോക്കൽ പൊലീസിൽ നിന്ന് രാത്രി തന്നെ അന്വേഷണം എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഏൽപിച്ചു. ഒപ്പം ദുരന്ത നിവാരണവിഭാഗം കമ്മീഷണർ എ കൗശികന്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
അതേസമയം, തീപിടുത്തത്തിൽ ദുരൂഹത ഉയർത്തി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വിഷയത്തിൽ യുഡിഎഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. സ്വർണക്കടത്ത് സംബന്ധിച്ച എൻഐഎ അന്വേഷണ പരിധിയിൽ സെക്രട്ടേറിയറ്റ് തീപിടുത്തവും ഉൾപ്പെടുത്തണമെന്നതാണ് യുഡിഎഫ് നിലപാട്. വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധി സംഘം ഗവർണർക്ക് നിവേദനവും നൽകിയേക്കും. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 11 ന് ആരംഭിക്കുന്ന മാർച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
Story Highlights – secretariat fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here