ഫേസ്ബുക്ക് വിഷയം: വിവരസാങ്കേതിക പാർലമെന്ററി സമിതി യോഗം ഇന്ന്

ഫേസ്ബുക്ക് വിഷയത്തിലെ രൂക്ഷമായ ഭിന്നതകൾക്കിടെ വിവരസാങ്കേതിക പാർലമെന്ററി സമിതി ഇന്ന് യോഗം ചേരും. സമിതി അധ്യക്ഷനായ തരൂർ ഫേസ്ബുക്കിന് നൽകിയ നോട്ടിസ് നിലനിൽക്കില്ല എന്ന വാദം ബിജെപി ഉയർത്തുന്ന പശ്ചാത്തലത്തിൽ യോഗത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. സമിതിക്ക് മുന്നിൽ ഫേസ്ബുക്ക് പ്രതിനിധി ഹാജരാകുമോ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
ബിജെപിയെ ഉയർത്തിക്കാണിക്കാൻ ഫേസ്ബുക്ക് വഴി അങ്കി ദാസ് ഇടപെടലുകൾ നടത്തിയെന്ന് കഴിഞ്ഞ ദിവസം വീണ്ടും വാൾസ്ട്രിറ്റ് ജേർണൽ ആവർത്തിച്ചിരുന്നു. പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാൻ നിർദേശിച്ച് ജീവനക്കാർക്കായി പ്രത്യേകം പോസ്റ്റ് അവർ തയാറാക്കിയിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ന് വിവരസാങ്കേതിക പാർലമെന്ററി സമിതിയുടെ യോഗം. യോഗത്തിൽ സമിതിയുടെ തീരുമാനം ഇല്ലാതെ ഫേസ്ബുക്കിന് നോട്ടിസ് നൽകിയ വിഷയത്തിൽ തരൂർ നിലപാട് വ്യക്തമാക്കും. സമിതിയിൽ ഭൂരിപക്ഷമുള്ള എൻഡിഎ തരൂർ അധ്യക്ഷസ്ഥാനത്ത് ഇനി തുടരേണ്ട എന്ന നിലപാടിലാണ്. നിഷികാന്ത് ദുബെ ഇക്കാര്യത്തിൽ ബിജെപി ഉറച്ച് നിൽക്കും എന്ന് വ്യക്തമാക്കി. നോട്ടിസ് ഇതിനകം കൈപറ്റിയിട്ടുള്ള ഫേസ്ബുക്ക് ഇന്ന് ഹാജരാകുമോ എന്നതാണ് മറ്റൊരു പ്രധാന വിഷയം. ഫേസ്ബുക്ക് ഹാജരായാലും സമിതിയിൽ എൻഡിഎയ്ക്കാണ് ഭൂരിപക്ഷമെന്നതുകൊണ്ട് കടുത്ത നടപടികൾക്കോ ശാസനയ്‌ക്കോ സാധ്യത ഇല്ല.
അതേസമയം ഫേസ്ബുക്കിന് നോട്ടിസ് അയച്ച കേന്ദ്രസർക്കാർ നടപടി അനിവാര്യമാണെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. മുൻവിധികൾ ഒന്നും ഇല്ലെന്നും നല്ല രാഷ്ട്രീയവും മികച്ച നേത്യത്വവുമാണ് ബിജെപിയുടെ കൈമുതലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഫേസ്ബുക്കിന് ഇതിനകം നോട്ടിസ് നൽകിയ കോൺഗ്രസ് കോടതിയിൽ കേസ് ഫയൽ ചെയ്യാനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Story Highlights – information technology parliamentary meeting today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here