ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള അമ്പത് വ്യക്തികൾ; പ്രോസ്‌പെക്ട് മാഗസിന്റെ പട്ടികയിൽ കെകെ ശൈലജ ഒന്നാമത്

ലോകത്തെ മികച്ച കാഴ്ചപ്പാടുള്ള അമ്പത് വ്യക്തികളുടെ പട്ടികയിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നാമത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ പ്രോസ്‌പെക്ട് മാഗസിൻ്റെ പട്ടികയിലാണ് കേരളത്തിന് അഭിമാനമായി കെകെ ശൈലജ ഒന്നാം സ്ഥാനത്ത് എത്തിയത്. ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ പട്ടികയിൽ രണ്ടാമതാണ്.
‘കൊവിഡ് 19 യുഗ’ത്തിനായുള്ള പട്ടികയാണ് ഇതെന്ന് പ്രോസ്‌പെക്ട് മാഗസിൻ കുറിക്കുന്നു. വളരെ വിശദമായാണ് മാസിക ശൈലജ ടീച്ചറെപ്പറ്റി കുറിച്ചിരിക്കുന്നത്. നിപ്പക്കെതിരെ നടത്തിയതും ഇപ്പോൾ കൊവിഡിനെതിരെ നടത്തുന്നതുമായ പ്രവർത്തനങ്ങൾ ലേഖനത്തിൽ പ്രതിപാദിക്കുന്നു. കെകെ ശൈലജ ഒരു കമ്മൂണിസ്റ്റാണ് എന്നും സൗത്ത് ഇന്ത്യയിലെ കേരളം എന്ന സംസ്ഥാനത്ത് അവരെ ടീച്ചർ എന്നാണ് വിളിക്കുന്നത് എന്നും ലേഖനത്തിൽ പറയുന്നു.
‘കൊവിഡ് 19 ചൈനയിലെ മാത്രം കഥയായിരുന്നപ്പോൾ തന്നെ, വൈറസിന്റെ വരവിനെ മുൻകൂട്ടിക്കണ്ട് കെകെ ശൈലജ വേണ്ട മുൻകരുതലുകളെടുക്കുകയും അതിനെ കുറിച്ച് കൃത്യമായി മനസിലാക്കുകയും ചെയ്തു. വൈറസ് കേരളത്തിലെത്തിയപ്പോൾ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു. കർശനമായ നിരീക്ഷണവും ക്വാറൻ്റീനും നടപ്പാക്കി. കൃത്യമായ പ്രസ്താവനകളിലൂടെ പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറി. ഔദ്യോഗിക യോഗങ്ങളൊക്കെ സാമൂഹിക അകലം പാലിച്ചായിരുന്നു. യോഗങ്ങൾ രാത്രി 10 മണിവരെ നീളുമായിരുന്നു.’- ലേഖനം പറയുന്നു.
‘ശൈലജ മുന്നറിയിപ്പ് നൽകിയിരുന്നത് പോലെ കേസുകളുടെ എണ്ണം വർധിച്ചു. എങ്കിലും ബ്രിട്ടണുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. വരാൻ പോകുന്ന ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടവും തരണം ചെയ്യാൻ ശൈലജയുടെ നടപടികൾക്കാകും. നിപ്പ മഹാരോഗം പടർന്നുപിടിച്ച കാലത്ത് ശൈലജ മാതൃകാപരമായി പ്രവർത്തിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സിനിമ ഇറങ്ങുകയും ചെയ്തു.’- ലേഖനം വിശദീകരിക്കുന്നു.
Story Highlights – kk shailaja tops prospect magazine list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here