വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: എ. എ. റഹീമിനെതിരെ ആരോപണവുമായി അടൂര്‍ പ്രകാശ് എംപി

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിനെതിരെ ആരോപണവുമായി അടൂര്‍ പ്രകാശ് എംപി. കേസില്‍ സാക്ഷിയായ ഷെഹീനിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ റഹീം ഇടപെട്ടു. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് എംപി പറഞ്ഞു.
വെഞ്ഞാറമൂട് ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. വെഞ്ഞാറമൂട് എംഎല്‍എ ഡി.കെ. മുരളിയുടെ മകനെതിരായ ആരോപണത്തിന് പുറമെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീമിനെതിരെ അടൂര്‍ പ്രകാശ് എംപി രംഗത്തെത്തിയിരിക്കുന്നത്. ഹക്ക് മുഹമ്മദും മിഥിലാജും കൊല്ലപ്പെടുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഷെഹീനിന്റെ മൊഴി രേഖപ്പെടുത്തുന്നതില്‍ റഹീമിന്റെ ഇടപെടലുണ്ടായെന്നാണ് എംപിയുടെ പുതിയ ആരോപണം. സംഭവം നടന്ന ദിവസം പുലര്‍ച്ചെ 2.45 ന് എ. എ. റഹിം വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയതാണ് ഇതിന്റെ തെളിവ്. എന്തിനാണ് പുലര്‍ച്ചെ രഹിം സ്റ്റേഷനിലെത്തിയതെന്ന് വ്യക്തമാക്കണമെന്നും എംപി പറഞ്ഞു.
കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം റൂറല്‍ എസ്പി ബി. അശോകനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് എംപി ഉന്നയിക്കുന്നത്. അഴിമതിയുടെ ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യേഗസ്ഥനാണ് അശോകനെന്നും സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ എസ്പിയെ തത്സ്ഥാനത്ത് നിന്ന് മാറ്റണം എംപി ആവശ്യപ്പെട്ടു. തനിക്ക് ആരേയും ഭയമില്ല. ഏത് അന്വേഷണത്തേയും നേരിടാന്‍ തയാറാണെന്നും സര്‍ക്കാര്‍ സിബിഐ അന്വേഷണം നടത്താനുള്ള ആര്‍ജവം കാണിക്കണമെന്നും എംപി വെല്ലുവിളിച്ചു. അതേ സമയം അടൂര്‍ പ്രകാശ് വല്ലാതെ ഭയപ്പെട്ടിരിക്കുന്നതിനാലാണ് ഇത്തരെ ആരോപണങ്ങള്‍ ഉയത്തുന്നതെന്നാണ് എ. എ. റഹീമിന്റെ മറുപടി.
Story Highlights – venjaramoodu murder case, Adoor Prakash MP allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here