ഐഎസ്എലിലേക്ക് ഒരു ടീം കൂടി; ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17

ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് ഒരു ടീം കൂടി എത്തുന്നു. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റ് ലിമിറ്റഡ് ഇതിനായി ബിഡ് ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 17 ആണ് ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി. ഡൽഹി, ലുധിയാന, അഹമ്മദാബാദ്, ഭോപ്പാൽ, സിലിഗുരി, കൊൽക്കത്ത എന്നീ നഗരങ്ങളിലുള്ള ടീമുകൾക്കാണ് ലീഗ് പ്രവേശനം ലഭിക്കുക. വരുന്ന സീസണിൽ തന്നെ ഈ ടീം ലീഗിൽ മത്സരിക്കും. ഐ-ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാൾ തന്നെയാവും പുതിയ ടീമെന്നാണ് സൂചന.
വാർത്താ കുറിപ്പിലൂടെയാണ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റ് ലിമിറ്റഡ് ബിഡ് ക്ഷണിച്ചത്. ചിരവരികളായ മോഹൻ ബഗാൻ എടികെയുമായി ലയിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരിക്കാൻ തീരുമാനിച്ചതു കൊണ്ട് തന്നെ ഈസ്റ്റ് ബംഗാൾ ആവും 11ആമത്തെ ടീമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം പുതിയ സ്പോൺസർമാരെ ഈസ്റ്റ് ബംഗാൾ പ്രഖ്യാപിച്ചിരുന്നു. ടീമിലേക്ക് മികച്ച താരങ്ങളെ ക്ലബ് എത്തിക്കുന്നുമുണ്ട്.
Read Also : ഐഎസ്എൽ ഗോവയിൽ; നവംബർ 21ന് ആരംഭിക്കും
അതേ സമയം, ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ഗോവയിൽ നടക്കും. നവംബർ 21നാണ് ലീഗ് ആരംഭിക്കുക. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാവും മത്സരം. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനം ഉണ്ടാവില്ല. കേരളം അടക്കമുള്ള സ്ഥലങ്ങളെ ലീഗ് നടത്താൻ പരിഗണിച്ചിരുന്നു എങ്കിലും ഒടുവിൽ ഗോവക്ക് നറുക്ക് വീഴുകയായിരുന്നു.
രാജ്യത്ത് കൊവിഡ് കേസുകൾ താരതമ്യേന കുറഞ്ഞിരിക്കുന്ന സ്ഥലം എന്നതിനാലാണ് ഗോവയെ ലീഗ് നടത്താനായി തെരഞ്ഞെടുത്തത്. ഒപ്പം, മതിയായ സ്റ്റേഡിയങ്ങൾ ഉണ്ടെന്നുള്ളതും ഗോവയ്ക്ക് ഗുണമായി. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം, ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേദിയം, വാസ്കോയിലെ തിലക് മൈദാൻ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ടീമുകളുടെ പരിശീലനത്തിനായി 10 സ്റ്റേഡിയങ്ങൾ കൂടി ഒരുക്കും.
Story Highlights – FSDL invites bid for new team in ISL 2020-21
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here