പൊലീസിനെ പുലിവാല് പിടിപ്പിച്ച ഓൺലൈൻ വടംവലി മത്സരം; ഒടുവിൽ വിജയിയെ പ്രഖ്യാപിച്ചു

മാവേലിക്കര പൊലീസിനെ പുലിവാല് പിടിപ്പിച്ച ഓൺലൈൻ വടംവലി മത്സരത്തിൽ ഒടുവിൽ വിജയിയെ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായ വടംവലി മത്സരത്തിൽ തഴക്കര പഞ്ചായത്താണ് വിജയി ആയത്. ചെട്ടികുളങ്ങരയുമായി നടന്ന വാശിയേറിയ മത്സരത്തിൽ തഴക്കരക്കാർ ‘ഓട്ടോലൈക്ക്’ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് വിവാദമായിരുന്നു.
കൊവിഡ് മൂലം ഓണാഘോഷങ്ങൾ പാടില്ലെന്ന നിബന്ധന പരിഗണിച്ചാണ് മാവേലിക്കര പൊലീസിന്റെ നേതൃത്വത്തിൽ ഓൺലൈൻ വടംവലി മത്സരം സംഘടിപ്പിച്ചത്. സീനിയർ സിപിഒ പ്രതാപ് മേനോനാണ് മത്സരത്തിന് മുൻകൈയെടുത്തത്. മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവേലിക്കര നഗരസഭയേയും തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര പഞ്ചായത്തുകളേയും ടീമുകളാക്കിയാണ് പൊലീസിന്റേ ഫേസ്ബുക്ക് പേജിൽ ഓൺലൈൻ മത്സരം നടത്തിയത്. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്നവരെ വിജയികളാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ആദ്യ നറുക്കെടുപ്പിൽ ചെട്ടികുളങ്ങരയും തെക്കേക്കരയുമാണ് മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ഇവരിൽ ഒരു ടീമിന് ഹാർട്ടും മറ്റൊരു ടീമിന് സ്‌മൈലിയും നൽകി. ഏറ്റവും അധികം ഇമോജി ലഭിച്ചവരെ വിജയിയായി പ്രഖ്യാപിച്ചു. ആദ്യ മത്സരത്തിൽ ചെട്ടികുളങ്ങരയാണ് വിജയിച്ചത്. മാവേലിക്കര നഗരസഭയും തഴക്കരയും തമ്മിൽ നടന്ന മത്സരത്തിൽ തഴക്കര ജയിച്ചു. തുടർന്ന് നടന്ന മത്സരമാണ് വിവാദമായത്. ചെട്ടികുളങ്ങരയും തഴക്കരയും തമ്മിൽ നടന്ന മത്സരത്തിൽ, തഴക്കരക്കാർ ഓട്ടോ ലൈക്ക് സോഫ്റ്റ്‌വെയറിലൂടെ നൂറുകണക്കിന് ലൈക്കുകൾ വ്യാജ അക്കൗണ്ടുകളിലൂടെ നേടിയെന്നായിരുന്നു ആരോപണം. ബുധനാഴ്ച രാത്രി പത്തിന് മത്സരം അവസാനിക്കുന്നതിന് മുൻപ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർ വരെ കൂട്ടമായി ടീമുകൾക്ക് ലൈക്കുമായി എത്തിയെന്നും ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ വിജയിയെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. എന്നാൽ അത് കാലതാമസത്തിന് ഇടയാക്കുമെന്നതിനാൽ വിജയിയെ പ്രഖ്യാപിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ലൈക്കിന്റെ അടിസ്ഥാനത്തിൽ തഴക്കരയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്ന് മാവേലിക്കര പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റുചെയ്ത വീഡിയോയിൽ പറയുന്നു.
ചെട്ടികുളങ്ങരയും തഴക്കരയും തമ്മിലുള്ള മത്സരം അനൗൺസ് ചെയ്ത് മാവേലിക്കര പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു. രണ്ട് ലക്ഷത്തിലധികം പേരാണ് പോസ്റ്റ് കണ്ടത്. 21,000 പേർ റിയാക്ട് ചെയ്തപ്പോൾ ആയിരത്തിലധികം പേർ പോസ്റ്റ് ഷെയർ ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here