വരാനിരിക്കുന്നത് പരീക്ഷണ നാളുകള്‍; ജീവന്റെ വിലയുള്ള ജാഗ്രത തുടരണം മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടക്കുമ്പോള്‍ അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കഴിഞ്ഞ 7 മാസക്കാലമായി കൊവിഡിനെതിരായ പ്രതിരോധം സംസ്ഥാനം ശക്തമായ നിലയില്‍ കൊണ്ട് പോകുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ മുഴുവന്‍ സംവിധാനവും കൊവിഡിനെതിരായ പോരാട്ടത്തില്‍ രാവും പകലുമില്ലാതെ അധ്വാനിക്കുകയാണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നപ്പോഴും മരണ സംഖ്യ 410 മാത്രമെന്നതും രോഗമുക്തി കൂടുതലായതും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ മികവാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണിത്. മറ്റ് പലയിടത്തും മരണനിരക്ക് 4 മുതല്‍ 10 ശതമാനമായപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് 0.4 ശതമാനം മാത്രമാണ്. ആകെ രോഗികള്‍ ഒരു ലക്ഷം ആകുമ്പോഴും 73,904 പേരും രോഗമുക്തി നേടി. ഇനി ചികിത്സയിലുള്ളത് 27,877 പേരാണെന്നും മന്ത്രി വ്യക്തമാക്കി.
ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകളാണ്. ഓഗസ്റ്റ് 19നാണ് ആകെ രോഗികളുടെ എണ്ണം 50,000 ആയത്. കേവലം ഒരുമാസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഒരുലക്ഷം കടന്നു. വരും ആഴ്ചകളില്‍ രോഗികളുടെ എണ്ണം കൂടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരില്‍ നിന്നും കൊവിഡ് പകരുന്ന അവസ്ഥയാണുള്ളത്. രോഗനിരക്ക് കൂടി ആശുപത്രിയില്‍ കിടക്കാനിടമില്ലാത്ത അവസ്ഥ ഉണ്ടാക്കരുത്. അതിനാല്‍ ഓരോരുത്തരും ശ്രദ്ധിക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മാസ്‌ക്ക് ധരിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പുപയോഗിച്ച് കഴുകുകയും വേണം. എല്ലാവരും ജാഗ്രത പാലിച്ചാല്‍ കൊവിഡില്‍ നിന്നും എത്രയും വേഗം നമുക്ക് രക്ഷനേടാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights – covid vigilance should continue; Minister K.K. Shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here