ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിനെ സർക്കാർ ഏറ്റെടുത്തു; ടീമിനെ ഐസിസി വിലക്കാൻ സാധ്യത

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ട് സർക്കാർ. രാജ്യത്തെ കായിക രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സൗത്ത് ആഫ്രിക്കൻ സ്പോർട്സ് കോൺഫെഡറേഷൻ ആന്റ് ഒളിമ്പിക് കമ്മിറ്റിയാണ് ക്രിക്കറ്റ് ബോർഡിനെ പിരിച്ചുവിട്ട് ടീം ഏറ്റെടുത്തത്. ക്രിക്കറ്റ് ബോർഡിൽ സർക്കാർ ഇടപെടലുണ്ടാവരുത് എന്ന നിയമത്തിനു വിരുദ്ധമായതിനാൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിനെ ഐസിസി വിലക്കാൻ സാധ്യതയുണ്ട്. നേരത്തെ, ഇതേ കാരണത്താൽ സിംബാബ്വെയെയും നേപ്പാളിനെയും ഐസിസി വിലക്കിയിരുന്നു.
കുറച്ചു കാലങ്ങളായി തുടരുന്ന ബോർഡിൻ്റെ കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളുമാണ് സർക്കാരിൻ്റെ തീരുമാനത്തിനു പിന്നിൽ. ടീമിൽ വർണ വെറി നിലനിൽക്കുന്നുണ്ടെന്ന മുൻ താരങ്ങളുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ഇതിൻ്റെയൊക്കെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് ക്രിക്കറ്റ് സൗത്താഫ്രിക്കയെ പിരിച്ചുവിട്ടത്. ബോർഡിൻ്റെ ആക്ടിങ് സിഇഒ അടക്കം ഭരണച്ചുമതലയിലുള്ള മുഴുവൻ പേരോടും മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
Read Also : സിംബാബ്വെയുടെയും നേപ്പാളിന്റെയും വിലക്ക് നീങ്ങി; ഇരു ടീമുകൾക്കും ഐസിസി അംഗീകാരം
നടപടിയോടെ ടീമിനെ ഐസിസി വിലക്കാനുള്ള സാധ്യതയ്ക്കാണ് വഴിതെളിഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറിൽ സിംബാബ്വെയുടെയും നേപ്പാളിൻ്റെയും വിലക്ക് ഐസിസി നീക്കിയിരുന്നു. കഴിഞ്ഞ ജൂലായിലാണ് സിംബാബ്വെയുടെ ഐസിസി അംഗത്വം റദ്ദാക്കിയത്. മൂന്നു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാക്കണമെന്നാണ് ഐസിസി സിംബാബ്വെ ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരുന്നത്.
ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് 2016ൽ ഐസിസി നേപ്പാളിൻ്റെ അംഗത്വം റദ്ദാക്കിയത്. സർക്കാർ കൈകടത്തലുകളില്ലാതെ തെരഞ്ഞെടുപ്പ് നടത്തി ക്രിക്കറ്റ് ബോർഡ് പുനസ്ഥാപിക്കണമെന്ന് ഐസിസി നേപ്പാളിനു നിർദ്ദേശം നൽകിയിരുന്നു. ഒക്ടോബർ മാസാദ്യത്തിൽ നേപ്പാൾ തെരഞ്ഞെടുപ്പ് നടത്തിയി. വിലക്കിനു പിന്നാലെ സിംബാബ്വെ താരം സോളമൻ മിരെ വിരമിച്ചിരുന്നു. ഐസിസിയുടെ നടപടിക്കെതിരെ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു.
Story Highlights – South Africa removes CSA board takes control of cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here