2018ൽ തന്നെ പല രാജ്യങ്ങളും കൊവിഡ് ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങിച്ചിരുന്നോ?[24 Fact check]

/കാതറിൻ കിണറ്റുകര
2018 മുതൽ ചില രാജ്യങ്ങൾ കൊവിഡ് പരിശോധന കിറ്റുകൾ വാങ്ങി ശേഖരിച്ചിരുന്നെന്ന വാർത്ത സത്യമാണോ? ലോകബാങ്കിന്റെ അനുബന്ധ വെബ്‌സൈറ്റുകളിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടോ? ഈ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പരിശോധിക്കുകയാണ് 24 ഫാക്ട് ചെക്ക് ടീം.
ഈ കഴിഞ്ഞ സെപ്റ്റംബർ ആറിന് അമേരിക്കൻ വാർത്ത അവതാരകൻ ബെൻ സ്വാനിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരമൊരു വാർത്ത വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. ലോകബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിരവധി രാജ്യങ്ങൾ കൊവിഡ് പരിശോധന കിറ്റുകൾ കയറ്റുമതിയും ഇറക്കുമതിയും നടത്തിയതിന്റെ 2018 ലെ കണക്കുകളും രേഖകളുമെന്നാണ് പോസ്റ്റിലെ വാചകം. കാനഡ, റൊമാനിയ, ഉറുഗ്വേ അടക്കം വിവിധ രാജ്യങ്ങളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖകൾ വ്യാജമല്ലെന്ന് ലോകബാങ്ക് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ വിവാദം ഉടലെടുത്തു. ലോകബാങ്ക് ഔദ്യോഗിക വെബ്‌സൈറ്റിലും രേഖകൾ പ്രത്യക്ഷപ്പെട്ടു. കൊവിഡ് മുൻകൂട്ടി ആസൂത്രണം ചെയ്ത മഹാമാരിയാണ് എന്ന മട്ടിൽ വിവാദം കനത്തതോടെ സെപ്റ്റംബർ 8ന് വിശദീകരണവുമായി ലോകബാങ്ക് രംഗത്തെത്തി. 2018 ൽ കയറ്റുമതി ഇറക്കുമതി നടത്തിയവയിൽ ഏതെങ്കിലും തരത്തിൽ കൊവിഡ് ചികിത്സയക്ക് ഉപകരിക്കുന്നവയെ 2020 ൽ കൊവിഡ് കിറ്റ് എന്ന തലക്കെട്ടിന് കീഴിൽ പുതുക്കി ഉൾപ്പെടുത്തുകയായിരുന്നു.
കൊവിഡ് വ്യാപകമായതോടെ വിവിധ രാജ്യങ്ങളിലെ മെഡിക്കൽ ഉപകരണങ്ങളുടെ വ്യക്തമായ കണക്ക് ലഭിക്കുന്നതിനായിരുന്നു നടപടി. പ്രചാരണത്തെ തുടർന്ന് പട്ടികയുടെ തലക്കെട്ട് മാറ്റിയതായി ലോകബാങ്ക് അറിയിച്ചു. കെമിക്കൽ റീഏജന്റുകളും, ക്ലിനിക്കൽ ഉപകരണങ്ങളുമാണ് ലിസ്റ്റിൽ ഉള്ളതെന്ന് കോഡ് അടിസ്ഥാനത്തിൽ പരിശോധിച്ചാൽ വ്യക്തമാകും. 2020ന് മുൻപ് കൊവിഡ് പരിശോധനാ കിറ്റുകൾ ഇല്ലായിരുന്നെന്നും ലോകബാങ്ക് വ്യക്തമാക്കി.
ആധികാരികതയില്ലാത്ത എല്ലാ പ്രചാരണങ്ങളേയും യുക്തിയോടെ സമീപിക്കുക. മഹാമാരിയുടെ കാലം ഒരുമിച്ച് നിൽക്കേണ്ട കാലം കൂടിയാണ്.
Story Highlights – 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here