കോടതിയലക്ഷ്യക്കേസ്; പിഴയൊടുക്കി പ്രശാന്ത് ഭൂഷൺ

കോടതിയലക്ഷ്യക്കേസിൽ സുപ്രിംകോടതി വിധിച്ച ഒരു രൂപ പിഴയൊടുക്കി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പിഴത്തുക അടയ്ക്കുന്നു എന്നത് കൊണ്ട് സുപ്രിംകോടതി വിധി അംഗീകരിക്കുന്നു എന്നല്ല അർത്ഥമെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഇന്നുതന്നെ പുനഃപരിശോധനാഹർജി സമർപ്പിക്കുമെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.
മുൻ ചീഫ് ജസ്റ്റിസുമാർ, നിലവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ എന്നിവരെ വിമർശിച്ച് ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനാണ് പ്രശാന്ത് ഭൂഷണെ ഒരു രൂപ പിഴയ്ക്ക് സുപ്രിംകോടതി ശിക്ഷിച്ചത്. സംഭവത്തിൽ പ്രശാന്ത് ഭൂഷൺ ഖേദം പ്രകടിപ്പിച്ചെങ്കിലും കോടതി അത് മുഖവിലയ്ക്കെടുത്തില്ല. പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
മുൻ ചീഫ് ജസ്റ്റിസുമാരെ ലക്ഷ്യംവച്ച് ജൂൺ 27നായിരുന്നു പ്രശാന്ത് ഭൂഷന്റെ ആദ്യ ട്വീറ്റ്. ‘അടിയന്തരാവസ്ഥയില്ലാതെതന്നെ കഴിഞ്ഞ ആറ് വർഷം ഇന്ത്യയിൽ എങ്ങനെയാണ് ജനാധിപത്യം നശിപ്പിക്കപ്പെട്ടതെന്ന് ചരിത്രകാരൻമാർ തിരിഞ്ഞുനോക്കിയാൽ അതിൽ സുപ്രിംകോടതിയുടെ, പ്രത്യേകിച്ചും അവസാനത്തെ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്ക് പ്രത്യേകം അടയാളപ്പെടുത്തും’ എന്നായിരുന്നു അത്. ഇതിന് പിന്നാലെ ജൂൺ 29 ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയ്ക്കെതിരേയും ട്വീറ്റ് ചെയ്തു.
ബോബ്ഡെ ആഡംബര ബൈക്കിൽ ഇരുന്ന ഒരു ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു ആ ട്വീറ്റ്.’ജനങ്ങൾക്ക് നീതി നിഷേധിച്ചുകൊണ്ട് സുപ്രിംകോടതി അടച്ചിട്ട ചീഫ് ജസ്റ്റിസ്, ബി.ജെ.പി. നേതാവിന്റെ മകന്റെ 50 ലക്ഷം രൂപയുടെ ബൈക്കിൽ ഹെൽമെറ്റും മുഖാവരണവുമില്ലാതെ ഇരിക്കുന്നെന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ വിമർശനം.
Story Highlights – Prashant bhushan, Supreme court of India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here