ബാബ്‌റി മസ്ജിദ് കേസ്; സെപ്തംബർ 30 ന് വിധി പറയും

ബാബ്റി മസ്ജിദ് തകർത്ത കേസിൽ സെപ്തംബർ 30ന് വിധി. ലഖ്‌നൗ സിബിഐ കോടതിയാണ് വിധി പറയുന്നത്. വിചാരണ പൂർത്തിയാക്കി വിധി പറയാൻ സുപ്രിംകോടതി നൽകിയ സമയം ഈ മാസം 30ന് അവസാനിക്കാനിരിക്കുകയാണ്.
ഓഗസ്റ്റ് മാസത്തിനുള്ളിൽ കേസിൽ വിചാരണ പൂർത്തിയാക്കി വിധി പറയണമെന്ന് സുപ്രിംകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ കാരണം ഇത് നീണ്ട് പോവുകയായിരുന്നു. 28വർഷത്തിന് ശേഷമാണ് ബാബ്‌റി മസ്ജിദ് തകർത്ത കേസിലും അതിന്റെ ഗൂഢാലോചന കേസിലും വിധി പറയാൻ പോകുന്നത്. മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അഡ്വാനി, മുരളീ മനോഹർ ജോഷി, ഉമാഭാരതി, കല്യാൺ സിംഗ് തുടങ്ങി 32ഓളം പേരാണ് പ്രതിപ്പട്ടികയിലുള്ളത്. വിധി പറയുന്ന ദിവസം പ്രതികളെല്ലാവരും കോടതിയിൽ ഹാജരാകണം.
വിചാരണ സമയത്ത് വീഡിയോ കോൺഫറൻസ് വഴിയാണ് അദ്വാനിക്ക് പറയാനുണ്ടായിരുന്ന കാര്യങ്ങൾ കോടതി കേട്ടത്. ബാബ്‌റി മസ്ജിദ് തകർത്തതിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കില്ലെന്നും രാഷ്ട്രീയപകപോക്കലിനായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നുമായിരുന്നു എൽ കെ അഡ്വാനിയുടെ വാദം. മുരളി മനോഹർ ജോഷിയും വിചാരണയിൽ കുറ്റം നിഷേധിച്ചിരുന്നു.
Story Highlights – Babri Verdict On Sept 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here