ജ്വല്ലറി തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.13 കേസുകളാണ് നിലവിൽ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. ചന്തേര, കാസർഗോഡ്, പയ്യന്നൂർ പൊലീസ് സ്റ്റേഷനുകളിലായി ആകെ 55 കേസുകളാണ് എംഎൽഎക്ക് എതിരെ രജിസ്റ്റർ ചെയ്തത്. പുതിയ കേസുകളും ക്രൈംബ്രാഞ്ചിന്റെ പരിധിയിൽ വരും. വിഷയത്തിൽ ശാസ്ത്രീയ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
കേസിൽ ഒരാഴ്ചക്കകം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകും. ബാധ്യത തീർക്കുന്നതിനുള്ള സാമ്പത്തിക ശേഷി വ്യക്തമാക്കാൻ കമറുദ്ദീന് ഒരാഴ്ചത്തെ സമയമാണ് നൽകിയതെന്ന് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ പറഞ്ഞു. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കേസിൽ എംഎൽഎയെ കൈവിടുമെന്ന സൂചന നൽകുകയാണ് ലീഗ് നേതൃത്വം.
കമറുദ്ദീൻ പ്രതിയായ കേസിൽ നിക്ഷേപവും ആസ്തിയും ബാധ്യതയും സംബന്ധിച്ച കണക്ക് ആക്ഷൻ കമ്മിറ്റിയുടെ കയ്യിലുണ്ടെന്നാണ് മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിന്റെ പ്രതികരണം. എന്നാൽ വിഷയത്തിൽ ഇനി ചെയ്യാനുള്ളത് ബാധ്യത തീർക്കുന്നതിനുള്ള വഴി കണ്ടെത്തലാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്തം കമറുദ്ദീനിലാണെന്ന് ഒരിക്കൽ കൂടി നേതൃത്വം വ്യക്തമാക്കി.
Story Highlights – m c kamaruddin, jewelry fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here