ലോകകപ്പ് യോഗ്യതാമത്സരം; മെസിക്ക് എൽ ക്ലാസിക്കോ നഷ്ടമായേക്കും

സൂപ്പർ താരം ലയണൽ മെസിക്ക് സീസണിലെ ആദ്യ എൽ ക്ലാസിക്കോ നഷ്ടമായേക്കും. അർജൻ്റീനക്കായി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കേണ്ടതിൻ്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നത്. എൽ ക്ലാസിക്കോ നടക്കുന്ന ദിവസം മത്സരം ഇല്ലെങ്കിലും മെസി ക്വാറൻ്റീനിൽ ആയിരിക്കും. അതുകൊണ്ട് തന്നെ ബാഴ്സക്ക് മെസി ഇല്ലാതെ എൽ ക്ലാസിക്കോയ്ക്ക് ഇറങ്ങേണ്ടി വരും.
Read Also : പുറത്താക്കിയത് അന്യായമായി; ബാഴ്സലോണ 35 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സെറ്റിയൻ
ഒക്ടോബറിലാണ് അർജൻ്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ. എട്ടാം തീയതി ഇക്വഡോറിനെതിരെയും, പതിമൂന്നിന് ബൊളീവിയക്കെതിരെയുമാണ് മത്സരങ്ങൾ. ഇത് കളിച്ച് തിരികെ എത്തിയാൽ 14 ദിവസത്തെ ക്വാറൻ്റീൻ ഉണ്ടാവും. സ്പെയിനിലെ ക്വാറൻ്റീൻ നിയമങ്ങൾ കർക്കശമാണ്. അങ്ങനെയെങ്കിൽ ഒക്ടോബർ 25നു നടക്കുന്ന എൽ ക്ലാസിക്കോ മെസിക്ക് നഷ്ടമാവും. ഗെറ്റാഫെക്കും അലാവസിനുമെതിരെയുള്ള മത്സരങ്ങളും താരത്തിനു നഷ്ടമാവും.
ഈ മാസം 12നാണ് ലാലിഗ സീസൺ ആരംഭിച്ചത്. ഞായറാഴ്ച വില്ലാറയലിനെതിരെയാണ് ബാഴ്സലോണയുടെ ആദ്യ മത്സരം. കഴിഞ്ഞ സീസൺ നഷ്ടമായതു കൊണ്ട് തന്നെ ഈ സീസൺ ബാഴ്സലോണക്ക് നിർണായകമാണ്.
Read Also : ബാഴ്സ പ്രസിഡന്റ് ജോസപ് ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം
ഇതിനിടെ, സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണ ബോർഡ് പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുകയാണ്. ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനാവശ്യമായ ഒപ്പുകൾ സ്വീകരിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ട്. അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ടാൽ ബാർതോമ്യുവിന് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കേണ്ടി വരും. അടുത്ത മാർച്ച് വരെയാണ് ബാർതോമ്യുവിൻ്റെ കാലാവധി.
ഇതോടൊപ്പം തന്നെ പരിശീലക സ്ഥാനത്തു നിന്ന് അന്യായമായി പുറത്താക്കിയതാണെന്നും പുറത്താക്കുന്ന വിവരം തന്നെ കഴിഞ്ഞ ദിവസമാണ് അറിയിച്ചതെന്നും കാണിച്ച് മുൻ പരിശീലകൻ ക്വിക്കെ സെറ്റിയൻ രംഗത്തെത്തി. കരാർ ലംഘിച്ച് തന്നെ പുറത്താക്കിയ ക്ലബ് 4 മില്ല്യൺ യൂറോ (35 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്നും ഈ ആവശ്യവുമായി താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറയുന്നു.
Story Highlights – Lionel Messi could miss first El Clasico
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here