പന്തീരാങ്കാവ് യുഎപിഎ കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ് താഹഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എൻഐഎ നൽകിയ അപ്പീലാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക.
പത്ത് മാസത്തോളം പ്രതികൾ റിമാൻഡിൽ കഴിഞ്ഞതും, ചില ആരോപണങ്ങൾക്ക് കൂടുതൽ തെളിവുകൾ ഹാജരാക്കാൻ കഴിയാതിരുന്നതും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. യഥാർത്ഥ വസ്തുതകൾ വിലയിരുത്താതെയാണ് എൻഐഎ പ്രത്യേക കോടതിയുടെ നടപടിയെന്നാണ് അന്വേഷണ സംഘത്തിന്റെ വാദം.
സജീവ സിപിഐഎം പ്രവർത്തകരും വിദ്യാർത്ഥികളുമായിരുന്ന അലൻ ഷുഹൈബിനൈയും താഹഫസലിനെയും 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇരുവരുടെയും വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതായും പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു.
മാത്രമല്ല, ഇരുവരും മാവോവാദികളാണെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് യുഎപിഎ ചുമത്തിയ കേസ് പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.
കേസിലെ പ്രതികളായ അലൻ ഷുഹൈബ്, താഹ ഫസൽ, പിടികിട്ടാപ്പുള്ളി സിപി ഉസ്മാൻ എന്നിവർക്കെതിരെ ഏപ്രിൽ 27നാണ് ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Story Highlights – Panteerankavu UAPA case; The High Court will today hear an appeal filed by the NIA seeking cancellation of bail of the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here