സെപ്റ്റംബർ 25 മുതൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ? പ്രചരണം വ്യാജം [24 Fact Check]
രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രോഗവ്യാപനം നിയന്ത്രിക്കണമെന്ന ആവശ്യം പല ഭാഗത്ത് നിന്ന് ഉയരുന്നുണ്ട്. ഈ സാഹചര്യത്തെ മുതലെടുത്ത് ഒരു വ്യാജ പ്രചരണം സോഷ്യൽ മീഡിയയിൽ ഇടംനേടിയിട്ടുണ്ട്.
രാജ്യ വ്യാപകമായി വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചെന്നും ഈ നിർദേശം അംഗീകരിച്ച കേന്ദ്രം സെപ്റ്റംബർ 25 മുതൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നുവെന്നുമാണ് വ്യാജപ്രചരണത്തിന്റെ ഉള്ളടക്കം.
കൊവിഡ് കേസുകളും, മരണവും ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്നും കേന്ദ്ര സർക്കാരിൻറെ ലോഗോ അടക്കുമുള്ള വ്യാജ സർക്കുലറിൽ പറയുന്നു. സെപ്റ്റംബർ 25 മുതൽ 46 ദിവസത്തേക്കാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതെന്നും അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം വിവിധ മന്ത്രാലയങ്ങൾക്കുണ്ടെന്നും വ്യാജ സർക്കുലറിൽ കുറിക്കുന്നു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഇത്തരത്തിലൊരു ആവശ്യം കേന്ദ്ര സർക്കാരിനോട് മുന്നിൽ വെച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ വീണ്ടും ലോക്ക്‌ഡൌൺ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപക പ്രചാരണം നേടിയ ഈ സർക്കുലർ വ്യാജമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം തന്നെ വ്യക്തമാക്കി.
മാർച്ച് 24ന് രാജ്യമാകെ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ചു കൊണ്ടിരിക്കുകയാണിപ്പൾ. ഈ സാഹചര്യത്തിൽ വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ വേണമെന്ന് ദേശീയ ദുരന്ത നിവാരണ അതോററ്റി ആവശ്യപ്പെടുകയോ കേന്ദ്രം അത് അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് വ്യക്തം.
Story Highlights – Lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here