മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവം: എൽബിഎസ് ഡയറക്ടറെ ചോദ്യം ചെയ്ത് എൻഐഎ

നയതന്ത്രബാഗ് വഴി യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങൾ വിതരണം ചെയ്ത സംഭവത്തിൽ കുരുക്ക് മുറുക്കി എൻഐഎ. കേസുമായി ബന്ധപ്പെട്ട് സി-ആപ്റ്റ് മുൻ ഡയറക്ടറും നിലവിൽ എൽബിഎസ് ഡയറക്ടറുമായ എം.അബ്ദുൾ റഹ്മാനെ എൻഐഎ ചോദ്യം ചെയ്തു. വട്ടിയൂർക്കാവ് സി ആപ്റ്റിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി.
കൊച്ചിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തിരുവനന്തപുരത്തെ നടപടികൾ. നന്ദാവനത്തെ ഓഫിസിലെത്തിയാണ് എം.അബ്ദുൾ റഹ്മാനെ ചോദ്യം ചെയ്തത്. കോൺസുലേറ്റിൽ നിന്നുള്ള ഖുർആൻ പാർസൽ കൈകാര്യം ചെയ്ത സമയത്ത് എം.അബ്ദുൾ റഹ്മാനായിരുന്നു സി-ആപ്റ്റ് ഡയറക്ടർ. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പ്രധാനമായും ചോദ്യം ചെയ്യലിൽ ഉൾപ്പെട്ടത്.
അതേസമയം വട്ടിയൂർക്കാവിലെ സി ആപ്റ്റ് ഓഫിസിലും എൻഐഎ സംഘം പരിശോധന നടത്തി. മതഗ്രന്ഥങ്ങൾ സി-ആപ്റ്റിലെ സ്റ്റോറിലാണ് സൂക്ഷിച്ചിരുന്നത്. ഈ സ്റ്റോറിന്റെ ചുമതലയുണ്ടായിരുന്ന ജീവനക്കാരൻ നിസാമിനെ എൻഐഎ ചോദ്യം ചെയ്തു. സ്റ്റോറിൽ നിന്നും മതഗ്രന്ഥങ്ങൾ പുറത്തേക്ക് കൊണ്ടുപോയത് സംബന്ധിച്ചുള്ള രേഖകളും എൻഐഎ ശേഖരിച്ചു. മന്ത്രി കെ ടി ജലീൽ നൽകിയ മൊഴിയിൽ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടിയാണ് പരിശോധന നടത്തിയത്.
Story Highlights – NIA questions lbs director
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here