ഐപിഎൽ മാച്ച് 6: പഞ്ചാബിൽ ഗെയിൽ കളിക്കാൻ സാധ്യത

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ ആറാം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട പഞ്ചാബിന് ഇന്ന് ജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ ഇന്ന് കളിക്കാനിടയുണ്ട്. ഒരു മത്സരത്തിൽ രണ്ട് തവണ പൂജ്യത്തിനു പുറത്തായ ആദ്യ ബാറ്റ്സ്മാൻ എന്ന് ട്രോളുകൾ ഏറ്റുവാങ്ങിയ നിക്കോളാസ് പൂരാൻ ആവും ഗെയിലിനു വഴി മാറിക്കൊടുക്കുക. ഒരു മത്സരത്തിലെ പ്രകടനം കണക്കിലെടുത്ത് അങ്ങനെയൊരു മാറ്റം ഉറപ്പില്ലെങ്കിലും അതിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Read Also : മിച്ചൽ മാർഷ് ഐപിഎലിൽ നിന്ന് പുറത്ത്; സൺറൈസേഴ്സിൽ ജേസൻ ഹോൾഡർ പകരക്കാരനാവും
ദുബായിലെ ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചിൽ ക്രിസ് ജോർഡൻ ഒരു അധികപ്പറ്റാണെന്ന് കിംഗ്സ് ഇലവനു തോന്നിക്കഴിഞ്ഞാൽ തെറ്റു പറയാനാവില്ല. അഫ്ഗാൻ സ്പിന്നർ മുജീബ് റഹ്മാൻ ബെഞ്ചിലിരിക്കുന്നത് കൂടി പരിഗണിച്ചാൽ ജോർഡൻ പുറത്തിരുന്ന് മുജീബ് കളിക്കാനിടയുണ്ട്. ഓൾറൗണ്ടർ എന്ന നേരിയ പരിഗണന ജോർഡനു ലഭിച്ചാൽ കോട്രലിനു പകരം മുജീബ് എത്തും.
ആദ്യ മത്സരത്തിലെ ജയം വിന്നിംഗ് കോമ്പിനേഷനിൽ പരീക്ഷണം നടത്താതിരിക്കാനാവും ആർസിബിയെ പ്രേരിപ്പിക്കുക. ജോഷ് ഫിലിപ്പെ, ഉമേഷ് യാദവ്, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങകളാണെങ്കിലും ഒന്നോ രണ്ടോ അവസരങ്ങൾ കൂടി ലഭിച്ചേക്കും. മൊയീൻ അലി, ഗുർകീരത് സിംഗ് മാൻ തുടങ്ങിയവർ ഫൈനൽ ഇലവനിലെത്താൻ അർഹതയുള്ളവരാണെങ്കിൽ പോലും ഇന്ന് ടീമിൽ ഇടം നേടിയേക്കില്ല.
Story Highlights – Royal Challengers Bangalore vs Kings XI Punjab preview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here