സാലറി കട്ട് ഒഴിവാക്കുക, ലീവ് സറണ്ടർ അനുവദിക്കുക; ആവശ്യങ്ങളുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന സമരത്തിലേക്ക്

സാലറി കട്ട് ഒഴിവാക്കുക, ലീവ് സറണ്ടർ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ സമരത്തിലേക്ക്. ഒക്ടോബർ രണ്ടിന് ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസം നടത്തും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ നിസഹകരണ സമരം നടത്താനാണ് തീരുമാനം.
കഴിഞ്ഞ തവണയും ശമ്പളം മാറ്റിവയ്ക്കുന്നതിൽ നിന്ന് സർക്കാർ ഡോക്ടർമാരേയും ആരോഗ്യ പ്രവർത്തകരേയും ഒഴിവാക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ തയാറായില്ലെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യക്ഷസമരത്തിലേക്ക് കെജിഎംഒഎ നീങ്ങിയില്ല. വീണ്ടും ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനത്തെ തുടർന്നാണ് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.
Read Also : സാലറി കട്ട്; ജീവനക്കാരുടെ സംഘടനകളുമായി ധനമന്ത്രി ഇന്ന് ചർച്ച നടത്തും
ഇതുൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും. കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ഉടൻ നിയമിക്കണം, ശമ്പളം മാറ്റിവയ്ക്കുന്നതിൽ നിന്നും ഡോക്ടർമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും ഒഴിവാക്കണം, കഴിഞ്ഞ ആറ് മാസമായി മാറ്റി വച്ച ശമ്പളം ഉടൻ വിതരണം ചെയ്യണം, എൻഎച്ച്എം ജീവനക്കാർക്ക് പ്രഖ്യാപിച്ച 20 ശതമാനം റിസ്‌ക് അലവൻസ് കൊവിഡ് പ്രതിരോധവും ചികിത്സയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ആരോഗ്യ പ്രവർത്തകർക്കും നൽകണം, കഴിഞ്ഞ ഒൻപത് മാസക്കാലമായി അവധി ദിവസങ്ങളിൽ പോലും ജോലി ചെയ്യേണ്ടി വരുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ലീവ് സറണ്ടർ ആനുകൂല്യം പുന:സ്ഥാപിക്കണം തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കാത്ത തരത്തിൽ നിസ്സഹകരണം നടത്താനാണ് കെജിഎംഒഎയുടെ തീരുമാനം.
Story Highlights – kgmoa, strike, health workers, salary cut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here