കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ഇന്ന് ഭാരത് ബന്ദ്

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ഇന്ന് ഭാരത് ബന്ദ്. വിവിധ കർഷക സംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബില്ലുകൾക്കെതിരെ ഉത്തരേന്ത്യയിൽ കർഷക പ്രതിഷേധം ശക്തമാകുകയാണ്.
ഭാരതീയ കിസാൻ യൂണിയൻ, ഓൾ ഇന്ത്യ ഫാർമേഴ്‌സ് യൂണിയൻ, ഓൾ ഇന്ത്യ കിസാൻ മസ്ദൂർ സംഘർഷ് കോ- ഓർഡിനേഷൻ കമ്മിറ്റി, ഓൾ ഇന്ത്യ കിസാൻ മഹാസംഘ് എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ കർഷകരും, വിവിധ ട്രേഡ് യൂണിയനുകളും ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലാണ് കർഷക പ്രതിഷേധം ശക്തമായിരിക്കുന്നത്. പഞ്ചാബിൽ ഇന്നലെ മുതൽ മൂന്ന് ദിവസത്തെ ട്രെയിൻ തടയൽ സമരമാണ് കർഷകസംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അമൃതസറിലും ഫിറോസ്പുരിലും കർഷകർ റെയിൽവേ ലൈനുകളിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. സമരത്തിന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 27 വരെ പല ട്രെയിൻ സർവീസുകൾ പഞ്ചാബിൽ റദ്ദാക്കി. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയ ബില്ലുകൾ രാഷ്ട്രപതി അംഗീകാരം നൽകരുതെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
Story Highlights – Bharat Bandh today in protest of agriculture bills
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here