ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല: പാക് നീക്കം എതിർക്കുമെന്ന് ഇന്ത്യ

പാക് അധിനിവേശ കശ്മീരിലെ തൽസ്ഥിതിയിൽ മാറ്റം വരുത്താനുള്ള പാകിസ്താൻ നീക്കത്തിനെതിരെ ഇന്ത്യ. പാകിസ്താൻ കൈയേറിയിരിക്കുന്ന ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല പാകിസ്താന്റെ ഫെഡറൽ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിർക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയെ അഞ്ചാം പ്രവിശ്യ ആക്കാനുള്ള പാകിസ്താൻ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യയുടെ എതിർപ്പ് മറികടന്ന് ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയിൽ നവംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖല കേന്ദ്ര ഭരണപ്രദേശമായ ജമ്മു, കശ്മീർ, ലഡാക്ക് എന്നിവയുടെ ഭാഗമാണെന്ന വസ്തുതയാണ് ഇന്ത്യ പാകിസ്താനെ ഓർമിപ്പിച്ചത്. അനധികൃതമായി പാകിസ്താൻ കൈയടക്കിയ മേഖലയാണ് പ്രദേശം. ഇവിടെ യാതൊരു അവകാശവും ഉന്നയിക്കാൻ അവകാശമില്ല. പാക് അധിനിവേശ കശ്മീരിൽ മാറ്റം വരുത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പാകിസ്താൻ ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയെ ഇപ്പോൾ രാജ്യത്തെ അഞ്ചാമത്തെ പ്രവിശ്യയായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നവംബറിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം.
വിഷയം അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഉന്നയിക്കുമെന്ന സൂചനയും വിദേശകാര്യമന്ത്രാലയം നൽകി. തർക്കപ്രദേശമായ ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ പാകിസ്താന്റെ പ്രദേശമാണെന്ന് 1999ലാണ് പാക് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് മറയാക്കിയാണ് പാകിസ്താൻ സർക്കാരിന്റെ നീക്കം. 2009ൽ ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ എംപവർമെന്റ് ആന്റ് സെൽഫ് ഗവേണൻസ് ഓർഡർ പാകിസ്താൻ ഭരണകൂടം കൊണ്ടു വന്നിരുന്നു. പാകിസ്താൻ സർക്കാരിന്റെ തീരുമാനത്തിൽ ഗിൽഗിത്ത് ബാൾട്ടിസ്ഥാൻ മേഖലയിലെ ജനങ്ങൾക്കിടയിലും വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. നിയമപരമായി നിലനിൽപ്പില്ലാത്ത ശ്രമങ്ങൾക്ക് പാകിസ്താൻ ഗിൽഗിത്ത് -ബാൽട്ടിസ്ഥാൻ മേഖലയിൽ ശ്രമിക്കേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.
Story Highlights – Gilgit-Baltistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here