ലഹരിമരുന്ന് കേസ്; ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു. രാവിലെ 9.50ഓടെയാണ് ദീപിക മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായത്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ ടാലന്റ് മാനേജർ ജയാ സാഹയുടെ വാട്‌സാപ്പ് ചാറ്റുകളിൽ ദീപികയുടെയും മാനേജർ കരിഷ്മ പ്രകാശിന്റെയും പേരുകൾ കണ്ടെത്തിയിരുന്നു. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകളെന്നാണ് ആരോപണം. ഇക്കാര്യത്തിലാണ് ചോദ്യം ചെയ്യൽ. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും.
ഗോവയിലെ ഷൂട്ടിംഗ് നിർത്തിവച്ചാണ് ദീപിക പദുകോൺ മുംബൈയിലേക്ക് തിരികെയെത്തിയത്. പ്രഗത്ഭരായ അഭിഭാഷകരുമായി കൂടിയാലോചന നടത്തിയിരുന്നു. ദീപിക സമ്മർദത്തിലാണെന്നും ചോദ്യം ചെയ്യൽ സമയത്ത് തന്നെ അനുവദിക്കണമെന്നും ഭർത്താവും നടനുമായ രൺവീർ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
എന്നാൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇക്കാര്യം നിഷേധിച്ചു. അത്തരമൊരു ആവശ്യം ആരും മുന്നോട്ടുവച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ദീപികയെ കൂടാതെ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കൾ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.
Story Highlights – drugs case, bollywood deepika pdukone is questioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here