ഡിവൈഎസ്പിയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട്; പൊലീസ് കേസെടുത്തു

ആലുവ നാർക്കോട്ടിക് കൺട്രോൾ ഡിവൈഎസ്പിയുടെ പേരിൽ സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ഡിവൈഎസ്പി മധു ബാബു രാഘവിന്റെ പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച് പണം തട്ടാൻ ശ്രമം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
പത്തനംതിട്ട സ്വദേശിയാണ് എറണാകുളം റൂറലിലെ നാർക്കോട്ടിക് ഡിവൈഎസ്പി മധു ബാബു രാഘവ്. പുതിയ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് സൗഹൃദം സ്ഥാപിക്കാൻ അറിയിപ്പ് വന്ന കാര്യം സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടെന്ന കാര്യം മധു ബാബു അറിഞ്ഞത്. ഡിവൈഎസ്പിയുടെ ഔദ്യോഗിക വേഷം ധരിച്ച ചിത്രങ്ങൾ വ്യാജ അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്. നിലവിലുള്ള അക്കൗണ്ടിലെ പ്രൊഫഷണലുകൾക്കും സമ്പന്നർക്കുമാണ് ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഇതിൽ നൂറോളം പേർ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. ഇവരിൽ നിന്ന് ക്രമേണ പണം ആവശ്യപ്പെടുകയാണ് അക്കൗണ്ട് തുടങ്ങിയവർ ലക്ഷ്യംവച്ചതെന്ന് കരുതുന്നു. എന്നാൽ വ്യാജ അക്കൗണ്ട് തുടങ്ങി ദിവസങ്ങൾക്കകം തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ ആരുടേയും പണം നഷ്ടമായില്ല.
Story Highlights – DYSP, Fake Facebook Account
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here