സെക്രട്ടേറിയറ്റിലെ തീപിടുത്തം; പുതിയ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്

സെക്രട്ടേറിയറ്റിലെ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്നും സര്‍ക്കാര്‍ വാദങ്ങള്‍ അമ്പേ പൊളിഞ്ഞെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിലെ അസ്വാഭാവികതയും ദുരൂഹതയും അന്ന് തന്നെ ചൂണ്ടിക്കാട്ടിയതാണ്. കൂടാതെ തീപിടുത്തമുണ്ടായ സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ ഇടതു അനുഭാവികളായ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ചീഫ് സെക്രട്ടറിയുടെ അസാധാരണമായ ഇടപെടലും സംശായസ്പദമാണെന്നും ഇത് വിശദമായി അന്വേഷിക്കണമെന്നും അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു. ഇതിന് സര്‍ക്കാര്‍ തയാറായില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
ഫയലുകള്‍ക്ക് തീപിടിച്ച സംഭവം യാദൃശ്ചികമാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രിയും പൊലീസും ശ്രമിച്ചത്. എസിയില്‍ നിന്നും തീപടര്‍ന്നതാണ് കാരണമായി ആദ്യം ചൂണ്ടിക്കാട്ടിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം അത് ഫാനില്‍ നിന്നുമാണെന്ന നിഗമനത്തിലെത്തി. പിന്നെ ഇതിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും പൊലീസും ഫയര്‍ഫോഴ്സും നല്‍കിയത്. ഇപ്പോള്‍ ഫോറന്‍സിക് വിഭാഗത്തിന്റെ വിശദമായ പരിശോധനയിലാണ് ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്ത കാരണമായി പറയുന്നത്.
സെക്രട്ടേറിയറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് സത്യസന്ധമായി വാര്‍ത്ത നല്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് വായ് അടപ്പിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ നടത്തി. സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് സെക്രട്ടേറിയറ്റിലെ തീപിടുത്തമെന്നതില് സംശയമില്ല. ഗസ്റ്റ് ഹൗസ് താമസത്തിന്റേയും വിദേശ യാത്രക്കളുടേയും നിര്‍ണായക രേഖകളാണ് കത്തിച്ചത്. ഈ കേസ് അട്ടിമറിക്കാന്‍ സിപിഐഎമ്മിന്റെയും ബിജെപിയുടെയും ഉന്നതതലത്തില്‍ ധാരണയായിട്ടുണ്ട്. അതിന്റെ ഭാഗമാണ് കൃത്യമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ എന്‍ഐഎ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വരുത്തുന്ന ഗുരുതരമായ വീഴ്ച. എന്‍ഐഎ പ്രത്യേക കോടതി തെളിവുകള്‍ ഹാജരാക്കാന്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
Story Highlights – Kerala Secretariat fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here