ഹത്റാസിൽ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ചേർന്ന് കൊലപ്പെടുത്തിയ ദളിത് യുവതി; വ്യാജപ്രചാരണവുമായി തമിഴ്നാട് ബിജെപി

ഉത്തർപ്രദേശിലെ ഹത്റാസിൽ ക്രൂരബാലലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട ദളിത് പെൺകുട്ടിയുടെ പേരിൽ വ്യാജപ്രചാരണവുമായി തമിഴ്നാട് ബിജെപി. പെൺകുട്ടിയെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ചേർന്ന് കൊലപ്പെടുത്തിയതാണെന്നാണ് പ്രചാരണം. ഇത്തരം പ്രചാരണവുമായി കേരള-തമിഴ്നാട് അതിർത്തിയിൽ സ്ഥാപിച്ച പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
‘കണ്ണീർ അഞ്ജലി! ഉത്തർപ്രദേശിലെ ഹത്റാസിൽ കോൺഗ്രസ്സ്- കമ്മ്യൂണിസ്റ്റ് കൊലയാളികളാൽ ക്രൂരമായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിക്ക് ബിജെപി കന്യാകുമാരി ജില്ലാ ഘടകം ആദാരാഞ്ജലി അർപ്പിക്കുന്നു.’- ഇങ്ങനെയാണ് പോസ്റ്ററിലുള്ള തമിഴ് വാചകങ്ങളുടെ മലയാള പരിഭാഷ. ‘കണ്ണീർ അഞ്ജലി! ഉത്തർപ്രദേശ് മാനിലം ഹത്‌റാസിൽ കാൺഗ്രസ് മറ്റ്റും കമ്യൂണിസ്റ്റ് കയവർകളാൽ പടു കൊലൈ സെയ്യപ്പെട്ട ദളിത് ഇളം പെൺ സെൽവി മനീഷാ അവർകൾക്ക് കണ്ണീർ അഞ്ചലിയെ കാണിക്കയാക്കി റോം; ഭാരതീയ ജനതാ കക്ഷി, കന്യാകുമാരി മാവട്ടം.’- തമിഴിൽ അത് ഇങ്ങനെ വായിക്കാം.
സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുകയാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചിത്രം ബിജെപിയുടെ ഐടി സെൽ തലവൻ അമിത് മാളവ്യ പ്രചരിപ്പിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. പിന്നീട് മാളവ്യക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അറിയിച്ചിരുന്നു.
അതേസമയം, ജില്ലാ ഭരണക്കൂടം തടഞ്ഞു വച്ചിരിക്കുന്നുവെന്ന് ആരോപിച്ച് ഹത്റാസ് പെൺകുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകണമെന്ന്നും ഹർജിയിൽ അഭ്യർത്ഥിക്കുന്നു. വീടിനുള്ളിൽ തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം കർശന താക്കീത് നൽകിയെന്ന് കുടുംബം ആരോപിക്കുന്നു. ജനങ്ങളെ കാണാൻ അനുവദിക്കണമെന്നും ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.
Story Highlights – Poster by BJP in TN blames Cong and Communists for Hathras case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here