ചെന്നൈക്ക് രക്ഷയില്ല; റോയൽ ചലഞ്ചേഴ്സിന് 37 റൺസ് ജയം

ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ജയം. 37 റൺസിനാണ് ബാംഗ്ലൂർ ചെന്നൈയെ പരാജയപ്പെടുത്തിയത്. 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 132 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. ഉജ്ജ്വലമായി പന്തെറിഞ്ഞ ബൗളർമാരാണ് ബാംഗ്ലൂരിന് കൂറ്റൻ ജയമൊരുക്കിയത്. ബാംഗ്ലൂരിനായി ക്രിസ് മോറിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
Read Also : ദുബായിൽ കിംഗ് കോലി സ്പെഷ്യൽ ഷോ; ചെന്നൈ സൂപ്പർ കിംഗ്സിന് 170 റൺസ് വിജയലക്ഷ്യം
പതിവിനു വിപരീതമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബൗളർമാർ നന്നായി പന്തെറിഞ്ഞു. ഡോട്ട് ബോളുകളുടെ പ്രഷർ ആദ്യം പിടികൂടിയത് ഫാഫ് ഡുപ്ലെസിയെ ആയിരുന്നു. 8 റൺസെടുത്ത ഡുപ്ലെസി വാഷിംഗ്ടൺ സുന്ദറിൻ്റെ പന്തിൽ ക്രിസ് മോറിസിൻ്റെ കൈകളിൽ അവസാനിക്കുകയായിരുന്നു. ഏറെ വൈകാതെ വാട്സണും (14) പവലിയനിലെത്തി. വാട്സണെ സുന്ദർ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
മൂന്നാം വിക്കറ്റിൽ അമ്പാട്ടി റായുഡുവിനൊപ്പം പുതുമുഖം ജഗദീശൻ ക്രീസിലെത്തി. കേദാർ ജാദവിനു പകരം ടീമിലിടം നേടിയ ജഗദീശൻ കിട്ടിയ അവസരം നന്നായി വിനിയോഗിച്ചു. മെല്ലെ സ്കോർബോർഡ് ചലിപ്പിച്ച യുവതാരം റായുഡുവിന് ഉറച്ച പിന്തുണ നൽകി. ഇടക്കിടെ ചില മികച്ച ഷോട്ടുകൾ ഉതിർത്ത ജഗദീശൻ നിർഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു. 28 പന്തുകളിൽ 33 റൺസെടുത്ത ജഗദീശനെ ക്രിസ് മോറിസ് നേരിട്ടുള്ള ത്രോയിലൂടെ പുറത്താക്കുകയായിരുന്നു. ആറാം നമ്പറിൽ എംഎസ് ധോണി എത്തി. ചഹാലിനെ സിക്സറടിച്ച് പോസിറ്റീവായി തുടങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഷോട്ട് ആവർത്തിക്കാനുള്ള ശ്രമത്തിനിടെ ആ ഓവറിൽ തന്നെ പുറത്തായി. ഗുർകീരത് സിംഗ് മാൻ ധോണിയെ (10) പിടികൂടുകയായിരുന്നു.
Read Also : ഐപിഎൽ മാച് 25: ചെന്നൈയിൽ ജാദവ് പുറത്ത്; ബാംഗ്ലൂരിൽ മോറിസ് അകത്ത്; ടോസ് അറിയാം
17ആം ഓവറിൽ രണ്ടാം സ്പെല്ലിനെത്തിയ മോറിസ് ആദ്യ പന്തിൽ തന്നെ സാം കറനെ (0) എബി ഡിവില്ല്യേഴ്സിൻ്റെ കൈകളിൽ എത്തിച്ചു. 18ആം ഓവറിൽ റായുഡു മടങ്ങി. 42 റൺസെടുത്ത താരത്തെ ഇസുരു ഉഡാന ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ഡ്വെയിൻ ബ്രാവോയെ (7) മോറിസിൻ്റെ പന്തിൽ ദേവ്ദത്ത് പടിക്കൽ പിടികൂടി. ആ ഓവറിൽ തന്നെ ജഡേജ (7) ഗുർകീരത് സിംഗിൻ്റെ കൈകളിൽ അവസാനിച്ചു. ദീപക് ചഹാർ (5), ഷർദ്ദുൽ താക്കൂർ (1) എന്നിവർ പുറത്താവാതെ നിന്നു.
tory Highlights – Royal Challengers Bangalore won against Chennai Super Kings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here