ട്രംപിനോടുള്ള ആരാധന മൂത്ത് ക്ഷേത്രം പണിത യുവാവ് മരിച്ചു

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനോടുള്ള ആരാധന മൂത്ത് ക്ഷേത്രം പണിത് ആരാധന നടത്തിയ യുവാവ് മരിച്ചു. തെലങ്കാന സ്വദേശിയായ 38കാരൻ ബുസാ കൃഷ്ണയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ട്രംപിന് കൊവിഡ് ബാധിച്ചതു മുതൽ ഇയാൾ അസ്വസ്ഥനായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.
Read Also : കൊവിഡ് ചികിത്സയ്ക്കിടെ ഡോണൾഡ് ട്രംപ് ക്വാറന്റീൻ ലംഘിച്ചതായി ആരോപണം
നാലു വർഷങ്ങൾക്ക് മുൻപാണ് എല്ലാം തുടങ്ങുന്നത്. സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ബുസാ കൃഷ്ണ അമേരിക്കൻ പ്രസിഡൻ്റിനെ ആരാധിക്കാൻ തുടങ്ങിയത്. ഭക്തി മൂത്ത ഇയാൾ താൻ ഉപയോഗിക്കുന്ന വസ്ത്രം, ബാഗ് തുടങ്ങിയവകളിലെല്ലാം ട്രംപിൻ്റെ ചിത്രങ്ങൾ പതിപ്പിച്ചു. ഒരു പടി കൂടി മുന്നോട്ടുപോയ ബുസ പിന്നീട് തൻ്റെ വീടിനു സമീപംട്രംപിന്റെ ആറടി ഉയരത്തിലുള്ള പ്രതിമ സ്ഥാപിച്ച് പൂജ തുടങ്ങി. 2 ലക്ഷം രൂപ മുടക്കിയാണ് ഇയാൾ പ്രതിമ സ്ഥാപിച്ചത്. ഇതോടെ ഇയാൾ രാജ്യാന്തര തലത്തിലും ശ്രദ്ധേയനായി. ട്രംപിനോടുള്ള കടുത്ത ആരാധന മൂലം ട്രംപ് കൃഷ്ണ എന്നാണ് ഇപ്പോൾ ഇയാൾ അറിയപ്പെടുന്നത്.
ട്രംപിനെ നേരിൽ കാണണമെന്ന് വലിയ ആഗ്രഹം ഉണ്ടാായിരുന്നു എങ്കിലും അതിനു സാധിക്കാതെയാണ് ബുസ വിടവാങ്ങുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ട്രംപ് വീണ്ടും അധികാരത്തിൽ വരുമെന്ന് ഇയാൾ പ്രതീക്ഷിച്ചിരുന്നു. കൊവിഡ് ബാധയുടെ വിവരം അറിഞ്ഞതിനു പിന്നാലെ തൻ്റെ ഫേസ്ബുക്ക് പേജിൽ ഇയാൾ ചില വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ട്രംപിൻ്റെ രോഗമുക്തിക്കായി കരഞ്ഞു കൊണ്ടാണ് ബുസാ വിഡിയോകൾ അപ്ലോഡ് ചെയ്തത്.
Story Highlights – man who built temple for donald trump dies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here