സ്വപ്ന എന്തിനാണ് ആറു തവണ ക്ലിഫ് ഹൗസിൽ പോയത് ? മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്ന എന്തിനാണ് ആറു തവണ ക്ലിഫ് ഹൗസിൽ പോയതെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങൾക്ക് മുന്നിൽ ചോദിച്ചു. ക്ലിഫ് ഹൗസിൽ നടന്ന രഹസ്യ കൂടിക്കാഴ്ചകളിൽ സ്വപനയും ഉണ്ടായിരുന്നു. ഇടിവെട്ടി ക്ലിഫ് ഹൗസിലെ കാമറകളും മറ്റു നശിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുൻകൂർ ജാമ്യം എന്നോണമാണെന്നും ആരും ചോദിക്കാതെ മുഖ്യമന്ത്രി അന്ന് അക്കാര്യം പറഞ്ഞതിന്റെ കാരണം ഇപ്പോഴാണ് മനസിലായതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
അഴിമതിയുടെ പ്രഭാവ കേന്ദ്രം എവിടെയാണെന്ന് ഇപ്പോൾ വ്യക്തമായി. ക്ലിഫ് ഹൗസിലെ കാമറ ഇടിവെട്ടി നശിച്ചതല്ലെന്നും അത് നശിപ്പിച്ചതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി അനുദിനം കള്ളം പറയുകയാണ്. കളവ് പറയുന്ന, സത്യപ്രതിജ്ഞ ലംഘനം നടത്തുന്ന മറ്റൊരു മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ടും ചെയ്ത് കുടുങ്ങിയതു കൊണ്ടുമാണ് ചാനൽ ചർച്ചകൾക്ക് പോകേണ്ടെന്ന് സിപിഐഎം തീരുമാനിച്ചതെന്നും ഇരുൾ കൊണ്ട് ഓട്ട അടക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോൺസുലേറ്റ് വഴി ഈത്തപ്പഴം തന്നെയാണോ വന്നതെന്ന് സംശയം പ്രകടിപ്പിച്ച ചെന്നിത്തല ജലീൽ പുറത്തുപോയാൽ പല രഹസ്യങ്ങളും പുറത്തുവരും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി കെ ടി ജലീലിനെ സംരക്ഷിക്കുന്നതെന്നും കൂട്ടിച്ചേർത്തു. സിപിഐഎം കണ്ണടച്ചാൽ ഇരുട്ടാകില്ലെന്നും പലതിനും ഉത്തരം പറയാൻ ഇല്ലാത്തത് കൊണ്ടാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനങ്ങൾ കുറച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Story Highlights – ramesh chennithala against cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here