കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ല : എംഎം ഹസൻ

കേരളാ കോൺഗ്രസ് എം യുഡിഎഫ് വിട്ടതിനെതിരെ പാർട്ടി കൺവീനർ എം എം ഹസൻ. കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ലെന്ന് എംഎം ഹസൻ തുറന്നടിച്ചു.
ജോസ് കെ മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനമാണെന്നും ജോസ് കെ മാണിയുടെ ആഗ്രഹങ്ങൾ നടക്കില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസിലാകുമെന്നും ഹസൻ വിമർശിച്ചു. ആത്മഹത്യപരമായ തീരുമാനം എന്ന് ജോസ് കെ മാണിക്ക് വൈകാതെ മനസിലാകുമെന്നും യുഡിഎഫിൽ നിന്ന് ജോസ് കെ മാണി പുറത്ത് പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും എംഎം ഹസൻ പറഞ്ഞു.
കെ എം മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ ജോസ് കെ മാണി ഉൾപ്പെടെ ചിലർ ഇടതുമുന്നണിയിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോൾ നടപ്പായത്.
അതേസമയം, മാണി സി കാപ്പൻ പ്രതിപക്ഷ നേതാവുമായി സംസാരിച്ചുവെന്നും പാലാ വിട്ടു കൊടുത്ത് കൊണ്ട് ഇടതുമുന്നണിയിൽ തുടരില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയതായും എംഎം ഹസൻ അറിയിച്ചു. യു ഡി എഫിലേക്ക് വരാൻ മാണി സി കാപ്പൻ സന്നദ്ധത അറിയിക്കുകയും ചെയ്തുവെന്ന് എംഎം ഹസൻ പറഞ്ഞു.
Story Highlights – km mani wont forgive jose k mani says mm hasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here