ഷാർജയിൽ ഗെയിൽ അവതരിച്ചു; കൂട്ടിന് രാഹുലും അഗർവാളും: പഞ്ചാബിന് 8 വിക്കറ്റ് ജയം

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിനു തകർപ്പൻ ജയം. 172 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പഞ്ചാബ് അവസാന പന്തിലാണ് ജയിച്ചത്. 8 വിക്കറ്റിന് റോയൽ ചലഞ്ചേഴ്സിനെ തകർത്ത കിംഗ്സ് ഇലവൻ സീസണിലെ രണ്ടാം ജയവും സ്വന്തമാക്കി. കിംഗ്സ് ഇലവൻ്റെ സീസണിലെ ആദ്യ ജയവും ബാംഗ്ലൂരിനെതിരെ തന്നെയായിരുന്നു. പഞ്ചാബിനായി ക്രിസ് ഗെയിൽ, ലോകേഷ് രാഹുൽ എന്നിവർ അർദ്ധസെഞ്ചുറി തികച്ചു. മായങ്ക് അഗർവാൾ 45 റൺസ് നേടി പുറത്തായി. 61 റൺസെടുത്ത രാഹുലാണ് പഞ്ചാബിൻ്റെ ടോപ്പ് സ്കോറർ.
ഇന്നിംഗ്സിൻ്റെ തുടക്കം മുതൽ കിംഗ്സ് ഇലവൻ്റെ ആധിപത്യം കണ്ടു. മായങ്ക് അഗർവാൾ അടിച്ചു തകർത്തപ്പോൾ ലോകേഷ് രാഹുൽ സെക്കൻഡ് ഫിഡിലിൻ്റെ റോൾ ഗംഭീരമായി കെട്ടിയാടി. അതിവേഗത്തിൽ സ്കോർ ചെയ്ത അഗർവാൾ അർഹതപ്പെട്ട ഫിഫ്റ്റിക്ക് അഞ്ച് റൺസകലെ പുറത്തായി. 25 പന്തുകളിൽ 45 റൺസെടുത്ത താരം യുസ്‌വേന്ദ്ര ചഹാലിൻ്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. പുറത്താവുമ്പോൾ ലോകേഷ് രാഹുലുമായി ആദ്യ വിക്കറ്റിൽ 78 റൺസിൻ്റെ കൂട്ടുകെട്ടും അഗർവാൾ പടുത്തുയർത്തിയിരുന്നു.
അഗർവാൾ പുറത്തായതിനു പിന്നാലെ രാഹുൽ സ്കോറിംഗ് ചുമതല ഏറ്റെടുത്തു. 37 പന്തുകളിൽ രാഹുൽ ഫിഫ്റ്റി തികച്ചു. അപ്പോഴേക്കും ഗെയിലും ഫോമിലെത്തി. ഇരുവരും സിക്സറടിക്കാൻ മത്സരിച്ചപ്പോൾ ബാംഗ്ലൂർ ബൗളർമാർക്ക് മറുപടി ഉണ്ടായില്ല. 36 പന്തുകളിൽ ഗെയിൽ ഫിഫ്റ്റിയിലെത്തി. അവസാന ഓവറിൽ 4 റൺസായിരുന്നു വിജയലക്ഷ്യം. ചഹാൽ എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ ഗെയിൽ റണ്ണൗട്ടായി. 45 പന്തുകളിൽ 53 റൺസെടുത്താണ് താരം പുറത്തായത്. രാഹുലുമായി 93 റൺസിൻ്റെ കൂട്ടുകെട്ടും ഗെയിൽ പടുത്തുയർത്തിയിരുന്നു. അവസാന പന്തിൽ ഒരു റൺ ആയിരുന്നു വേണ്ടത്. ആ പന്തിൽ സിക്സർ നേടിയ പൂരാൻ കിംഗ്സ് ഇലവന് ജയം സമ്മാനിച്ചു. ലോകേഷ് രാഹുൽ (61), നിക്കോളാസ് പൂരാൻ (6) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights – kings xi punjab won against royal challengers bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here