തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയത് ചോദ്യം ചെയ്ത ഹർജി തള്ളി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകിയത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. എസ് ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം.
തിരുവനന്തപുരം വിമാനത്താവള ഹർജിയിൽ കേന്ദ്രത്തിന്റേത് നയപരമായ തീരുമാനമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇക്കാര്യത്തിൽ ഇടപെടാനാകില്ലെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. എസ് ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം. എന്നാൽ കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. നേരത്തെ ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവുകളോടെ കേരളത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹത ഇല്ലെന്നും വിശാലമായ പൊതു താത്പര്യം മുൻ നിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിന് നൽകുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
രാഷ്ട്രീയമായും നിയമപരമായും സംസ്ഥാന സർക്കാർ ഉയർത്തിയ കടുത്ത എതിർപ്പുകളെ മറികടന്നാണ് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനമായത്. രണ്ട് വർഷം മുൻപാണ് വിമാനത്താവള സ്വകാര്യവത്ക്കരണത്തിന് നീക്കം തുടങ്ങുന്നത്. 2019 ഫെബ്രുവരിയിൽ നടത്തിയ ടെൻഡറിൽ അദാനിയാണ് മുന്നിലെത്തിയത്. സർക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്‌ഐഡിസി രണ്ടാമതായി. വിമാനത്താവളം അദാനിയെ ഏൽപിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്നടക്കം ആവശ്യമുന്നയിച്ചിരുന്നു. വിമാനത്താവള സ്വകാര്യവത്ക്കരണത്തിൽ കോൺഗ്രസിനുള്ളിലും രണ്ട് അഭിപ്രായമുയർന്നിരുന്നു.
Story Highlights – Trivandrum airport, Adani group
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here