തിരുവനന്തപുരത്ത് അന്താരാഷ്ട്ര പുരാരേഖാ പഠനകേന്ദ്രം സ്ഥാപിക്കും; മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാന പുരാരേഖാ വകുപ്പിന് കീഴില്‍ കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റര്‍ സ്ഥാപിക്കുന്നു. ആറുകോടി രൂപ ചെലവില്‍ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിതായി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കേരള സര്‍വകലാശാലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കാര്യവട്ടം കാമ്പസില്‍ ഇതിനായി ഒരേക്കര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. സര്‍വകലാശാലയുമായി സംസ്ഥാന പുരാരേഖാ വകുപ്പ് ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ട്. സര്‍വകലാശാലയുടെയും പുരാരേഖ വകുപ്പിന്റെയും സര്‍ക്കാറിന്റെയും പ്രതിനിധികള്‍ അടങ്ങിയ സമിതിയായിരിക്കും പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുകയെന്നും മന്ത്രി പറഞ്ഞു.
ലോകത്തുതന്നെ അപൂര്‍വമായ ഒരു കോടിയിലേറെ തളിയോലകളുടെ അമൂല്യശേഖരമുള്ളതാണ് സംസ്ഥാന ആര്‍ക്കൈവ്സ്. ഇവയെ സംബന്ധിച്ച പഠന ഗവേഷണങ്ങള്‍ക്കായി കാര്യവട്ടത്ത് ഒരു അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്റര്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ഹെറിറ്റേജ് സെന്റര്‍ സ്ഥാപിതമാകുന്നതോടെ അന്തര്‍ദേശീയ തലത്തില്‍തന്നെ പുരാരേഖകളുടെ പഠന-ഗവേഷണങ്ങള്‍ക്ക് ഇവിടെ സൗകര്യമൊരുക്കും. ഇത് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഏറെ പ്രയോജനപ്രദമാകും. ഇതിനുള്ള വിശദമായ പദ്ധതിരേഖ തയാറാക്കി. സര്‍ക്കാര്‍ നോഡല്‍ ഏജന്‍സിയായ കേരളം ചരിത്ര പൈതൃക മ്യൂസിയം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
കരാര്‍ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി ഇതിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു.
കേരളവുമായി ബന്ധപ്പെട്ട് വിദേശങ്ങളിലും ഇന്ത്യയില്‍തന്നെ മറ്റു സംസ്ഥാനങ്ങളിലുമുള്ള പുരാരേഖകള്‍ കണ്ടെത്തി സംരക്ഷിക്കുന്നതിനും പഠന ഗവേഷണങ്ങള്‍ക്കും ഈ സെന്റര്‍ സൗകര്യമൊരുക്കും. രാജ്യത്തിന് തന്നെ മാതൃകയായി ഒരു സര്‍ക്കാര്‍ വകുപ്പും സര്‍വകലാശാലയും പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈകോര്‍ക്കുന്ന സവിശേഷ പദ്ധതിയാണിത്. കെട്ടിട നിര്‍മാണം പുരോഗിക്കുന്ന മുറക്ക് മറ്റ് സജ്ജീകരണങ്ങള്‍ക്കായി കൂടുതല്‍ തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights – International Center for Archaeological Studies to be set up at Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here