യുവതാരങ്ങൾക്ക് ഊർജ്ജസ്വലത ഇല്ലെന്ന് ധോണി; സമൂഹമാധ്യമങ്ങളിൽ വിവാദം

ചെന്നൈ സൂപ്പർ കിംഗ്സിലെ യുവതാരങ്ങൾക്ക് ഊർജ്ജസ്വലത ഇല്ലെന്ന ക്യാപ്റ്റൻ എംഎസ് ധോണിയുടെ പ്രസ്താവ വിവാദത്തിൽ. യുവതാരങ്ങൾക്ക് വേണ്ടത്ര അവസരം നൽകാതെയാണ് ധോണി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്ന് സമൂഹമാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നു. തോൽവികളുടെ പഴി ടീം അംഗങ്ങൾക്കു മുകളിൽ ഇട്ട് കൈ കഴുകുന്ന സമീപനമാണ് ധോണി സ്വീകരിച്ചിരിക്കുന്നതെന്നും ക്രിക്കറ്റ് ആരാധകർ കുറ്റപ്പെടുത്തുന്നു.
Read Also : ചെന്നൈക്കും ജയത്തിനുമിടയിൽ ബട്‌ലറുടെ തകർപ്പൻ ഇന്നിംഗ്സ്; രാജസ്ഥാന് 7 വിക്കറ്റ് ജയം
തുടർച്ചയായ പരാജയങ്ങളിലും കേദാർ ജാദവിന് വീണ്ടും വീണ്ടും അവസരം നൽകുന്നതിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ആരാധകർക്ക് പോലും എതിർപ്പുണ്ടായിരുന്നു. ഋതുരാജ് ഗെയ്‌ക്‌വാദ്, നാരായൺ ജഗദീശൻ, മോനു കുമാർ, മിച്ചൽ സാൻ്റ്നർ തുടങ്ങി ഒരുപിടി യുവതാരങ്ങളാണ് ചെന്നൈ റിസർവ് ബെഞ്ചിൽ അവസരം കാത്തിരിക്കുന്നത്. ഇതിൽ ഋതുരാജ് രണ്ട് മത്സരങ്ങൾ കളിച്ച് രണ്ടിലും നിരാശപ്പെടുത്തിയപ്പോൾ കളിച്ച ഒരു കളിയിൽ ജഗദീശൻ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്നിട്ടും ഇരുവർക്കും മുകളിൽ തുടർ പരാജയങ്ങൾ മാത്രമുള്ള കേദാറിനെ ചെന്നൈ നിരന്തരം ടീമിൽ ഉൾപ്പെടുത്തി. പന്തു കൊണ്ടും ചിലപ്പോഴൊക്കെ ബാറ്റ് കൊണ്ടും തിളങ്ങിയിരുന്ന മിച്ചൽ സാൻ്റ്നറിനും അവസരം ലഭിച്ചില്ല. സാൻ്റ്നറുടെ ഐപിഎൽ പ്രകടനങ്ങൾ മികച്ചതാണ്. ഇതോടൊപ്പം, ഡ്വെയിൻ ബ്രാവോ പഴയ ഫോമിൽ അല്ലായിരുന്നിട്ടും ജോഷ് ഹേസൽവുഡ്, ഇമ്രാൻ താഹിർ തുടങ്ങിയ താരങ്ങൾക്കും അവസരം ലഭിച്ചില്ല. താഹിർ കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ്പ് ജേതാവായിരുന്നു. ഹേസൽവുഡ് രണ്ട് മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഇവരെ കൂടാതെ കെഎം ആസിഫും ഡഗൗട്ടിൽ ഉണ്ട്. ആസിഫും ഒരു കളി പോലും കളിച്ചിട്ടില്ല.
Read Also : ഒറ്റക്ക് പൊരുതി ജഡേജ; ചെന്നൈക്കെതിരെ രാജസ്ഥാന് 126 റൺസ് വിജയലക്ഷ്യം
ഇന്നലെ രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം നടന്ന പ്രസൻ്റേഷൻ സെറിമണിയിലാണ് ധോണി യുവതാരങ്ങളെ കുറ്റപ്പെടുത്തിയത്. പ്ലേഓഫിലേക്ക് യോഗ്യത നേടുക ഏറെക്കുറെ അസാധ്യമായ ഈ സമയത്ത് വരും മത്സരങ്ങളിൽ യുവതാരങ്ങളിൽ ചിലരെ ടീമിൽ ഉൾപ്പെടുത്തുമെന്നും ധോണി പറഞ്ഞു.
Story Highlights – MS Dhoni criticizes youngsters controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here