യാത്രക്കാരോട് എങ്ങനെ പെരുമാറണം; ജീവനക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി

യാത്രക്കാരോട് ജീവനക്കാര്‍ എങ്ങനെ പെരുമാറണമെന്ന് സംബന്ധിച്ച് കെഎസ്ആര്‍ടിസി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ യാത്രാക്കാരോട് മോശമായി പെരുമാറുന്നതായുള്ള ഒറ്റപ്പെട്ട പരാതിപോലും അംഗീകരിക്കാനാകില്ലെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു.
യാത്രാക്കാര്‍ ബസിനുള്ളിലോ, ബസിന് പുറത്തോവെച്ചോ കണ്ടക്ടറോടും, ഡ്രൈവറോടും പ്രകോപനമുണ്ടാക്കിയാല്‍ അതേ രീതിയില്‍ ഒരു കാരണവശാലും പ്രതികരിക്കരുത്. യാത്രാക്കാര്‍ ജീവനക്കാരെ അസഭ്യം പറയുകയോ, കൈയേറ്റം ചെയ്യുകയോ ചെയ്താല്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കണം. തുടര്‍ന്നുള്ള നടപടികള്‍ യൂണിറ്റ് തലത്തിലോ, കേന്ദ്ര ഓഫീസ് തലത്തിലോ തീരുമാനിക്കുമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ജീവനക്കാര്‍ യാത്രാക്കാരോട് മാന്യമായി പെരുമാറണം. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്‍മാര്‍, അംഗവൈകല്യമുള്ളവര്‍, രോഗബാധിതരായ യാത്രാക്കാര്‍ തുടങ്ങിയവര്‍ക്ക് ആവശ്യമുള്ള സൗകര്യം ബസുകളില്‍ ഒരുക്കി നല്‍കണം. കൂടാതെ ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലും ഇത്തരത്തിലുള്ള യാത്രാക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തി കൊടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ ജനതാ ഓര്‍ഡിനറി ബസുകളുടെ കാര്യത്തിലും, അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ കാര്യത്തിലും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
സംവരണം ചെയ്തിട്ടുള്ള സീറ്റുകള്‍ ബന്ധപ്പെട്ട യാത്രാക്കാര്‍ക്ക് കണ്ടക്ടര്‍ തന്നെ ലഭ്യമാക്കി കൊടുക്കണം. ഇത്തരത്തിലുള്ള യാത്രാക്കാര്‍ എവിടെ നിന്നും കൈകാണിച്ചാലും ബസ് നിര്‍ത്തി അവര്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്ന് ഡ്രൈവര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൈകുഞ്ഞുമായി വരുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രത്യേകം പരിഗണന നല്‍കണം. യാത്രാക്കാരോട് അപമര്യാദയായി പെരുമാറിയതായി പരാതി ലഭിച്ചാല്‍ അന്വേഷണത്തില്‍ അത് ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
Story Highlights – ksrtc guidelines to staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here