Advertisement

എം. ശിവശങ്കറിന്റെ കസ്റ്റഡി; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

October 28, 2020
1 minute Read

എം.ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം. സ്വര്‍ണക്കടത്തിന് എല്ലാ ഒത്താശയും ചെയ്തത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചപ്പോള്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കാതെ മുഖ്യമന്ത്രി രാജിവച്ച് ഒഴിയുന്നതാണ് നല്ലതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.

സ്പ്രിങ്ക്ളര്‍ ഉള്‍പ്പെടെ എല്ലാ അഴിമതികളിലും മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ശിവശങ്കര്‍ പ്രവര്‍ത്തിച്ചതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത ശേഷവും തനിക്ക് ബന്ധമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നായിരുന്നു കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രതികരണം. എന്നാല്‍ ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. എല്ലാ സര്‍ക്കാരിന് കീഴിലും ഇത്തരത്തിലുള്ള ചില ഉദ്യോഗസ്ഥരുണ്ടാകുമെന്നും ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

ശിവശങ്കറെ കസ്റ്റഡിയില്‍ എടുത്തു എന്നാല്‍ മുഖ്യമന്ത്രിയെ കസ്റ്റഡിയില്‍ എടുത്തതിന് തുല്യമാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ശിവശങ്കര്‍ ഏജന്‍സികള്‍ക്ക് മുന്നില്‍ വായ തുറന്നാല്‍ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടിവരുമെന്നും സിപിഐഎം തന്നെ പിരിച്ചുവിടേണ്ടിവരുമെന്നും ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് പറഞ്ഞു.

Story Highlights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top