ഐപിഎലിന് റെക്കോർഡ് കാഴ്ചക്കാർ; അത്ഭുതമില്ലെന്ന് ഗാംഗുലി

ഇന്ത്യൻ പ്രീമിയർ ലീഗ് 13ആം സീസൺ റെക്കോർഡ് കാഴ്ചക്കാരെ നേടിയതിൽ അത്ഭുതമില്ലെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ആളുകളുടെ ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനായാണ് ഐപിഎലുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. അതുകൊണ്ട് തന്നെ അഭൂതപൂർവമായ ഈ പിന്തുണ തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ ഗാംഗുലി പ്രതികരിച്ചത്.
“സ്റ്റാറുമായും മറ്റ് ആളുകളുമായും ചർച്ച ചെയ്യുമ്പോൾ, ഇക്കൊല്ലം നടത്തേണ്ടതുണ്ടോ, ബയോ ബബിൾ എത്രത്തോളം വിജയിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഞങ്ങൾ പരിഗണിച്ചത്. ഞങ്ങൾ പദ്ധതിയനുസരിച്ച് മുന്നോട്ടു നീങ്ങാൻ തീരുമാനിച്ചു. കാരണം ആളുകളുടെ ജീവിതം സാധാരണ നിലയിലേക്ക് എത്തിക്കുന്നതിനായി ക്രിക്കറ്റ് മത്സരങ്ങൾ തിരികെ കൊണ്ടുവരേണ്ടതുണ്ടായിരുന്നു. ഈ പ്രതികരണത്തിൽ എനിക്ക് അത്ഭുതമില്ല.”- സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ്ലൈവിൽ സംസാരിക്കുന്നതിനിടെ ഗാംഗുലി പറഞ്ഞു.
ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ ഉദ്ഘാടന മത്സരം കണ്ടത് 20 കോടിയിലധികം ആളുകളെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏത് സ്പോർട്ടിംഗ് ലീഗ് പരിഗണിച്ചാലും ആദ്യ ദിവസത്തെ കാഴ്ചക്കാരിലെ റെക്കോർഡാണ് ഈ കണക്കെന്ന് അദ്ദേഹം സൂചിപ്പിച്ചു.
Read Also : ഐപിഎൽ ഉദ്ഘാടന മത്സരം കണ്ടത് 20 കോടിയിലധികം ആളുകൾ; റെക്കോർഡ്
ലോകത്തിലെ ഏറ്റവും മികച്ച ടൂർണമെന്റ് ഐപിഎൽ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറേ സൂപ്പർ ഓവറുകളും ഒരു. ഡബിൾ സൂപ്പർ ഓവറും നമ്മൾ കണ്ടു. ധവാന്റെ ബാറ്റിങ് കണ്ടു, രോഹിത്തിന്റെ ബാറ്റിങ്ങ് കണ്ടു, യുവതാരങ്ങളെ കണ്ടു. ലോകേഷ് രാഹുലിന്റെ പഞ്ചാബ് താഴെ നിന്ന് കയറി വരുന്നത് കണ്ടു. നിങ്ങൾക്ക് വേണ്ടതെല്ലാം ഇവിടെ നിന്ന് ലഭിക്കും. ഈ വർഷം ഐപിഎൽ ഒരു വലിയ വിജയമായിരുന്നു എന്ന് നിങ്ങളോട് എനിക്ക് ഉറപ്പിച്ച് പറയാനാവും. റേറ്റിങ്ങിന്റെ കാര്യത്തിലായാലും, കളി കണ്ടവരുടെ എണ്ണത്തിന്റെ കാര്യത്തിലായാലും ഈ വർഷത്തെ ഐപിഎൽ വൻ വിജയമാവും എന്നും അദ്ദേഹം പറഞ്ഞു.
Story Highlights – Sourav Ganguly over the moon with ipl ratings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here