പ്രായവും കൊവിഡും; രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന് സൂചന

സൂപ്പർ താരം രജനികാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്ന് സൂചന. പ്രായാധിക്യവും കൊവിഡും കാരണം രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനികാന്ത് പുനർവിചിന്തനം നടത്തുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിവരം സംബന്ധിച്ച് ആരാധകക്കൂട്ടമായ രജനി മക്കൾ മൻട്രത്തിന് രജനി കുറിപ്പ് നൽകി എന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ നടൻ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ടൈം ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“പൂർണമായി അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തെ നിരാകരിച്ചിട്ടില്ല. ‘രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എങ്കിൽ പാർട്ടി ജനുവരി 15നു മുൻപ് രൂപീകരിക്കുകയും ഡിസംബറിൽ എൻ്റെ തീരുമാനം അറിയിക്കുകയും വേണം. ഞാൻ തീരുമാനം ആരാധകർക്ക് വിടുകയാണ്. ഞാൻ എന്ത് ചെയ്യണമെന്ന് അവർ പറയട്ടെ’ എന്നായിരുന്നു അദ്ദേഹം നൽകിയ കുറിപ്പിൽ ഉണ്ടായിരുന്നത്. അടുത്ത സുഹൃത്തുക്കളിൽ നിന്നും മറ്റും അഭിപ്രായം അറിയാനാണ് ആദ്യം ഈ കുറിപ്പ് അദ്ദേഹം നൽകിയത്. ബിജെപിയിൽ നിന്ന് അദ്ദേഹത്തിന് നല്ല സമ്മർദ്ദമുണ്ട്. ചിലപ്പോൾ ആ സമ്മർദ്ദത്തിൽ നിന്ന് രക്ഷ നേടാനോ ബിജെപി എഐഎഡിഎംകെയുമായി സഖ്യത്തിലാവാനോ ഉള്ള ഒരു വഴിയായിരിക്കാം ഇത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില പരിഗണിക്കുമ്പോൾ ഇപ്പോ രാഷ്ട്രീയ പ്രവേശനം നടത്താൻ ആവശ്യപ്പെടുന്നത് മാനുഷികമല്ല.”- ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
Read Also : മദ്യശാലകൾ തുറക്കാനുള്ള തമിഴ്‌നാട് സർക്കാർ നീക്കത്തിന് എതിരെ രൂക്ഷ വിമർശനവുമായി രജനികാന്ത്
2017 ഡിസംബർ 31നാണ് താൻ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. അടുത്തിടെ നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് രജനികാന്ത് അറിയിച്ചിരുന്നു. എന്നാൽ, പിന്നീട് അതേപ്പറ്റി പിന്നീടൊന്നും അറിഞ്ഞിട്ടില്ല.
Story Highlights – Coronavirus forces Rajinikanth to rethink political entry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here