സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി; കൊവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ടിന് സൗകര്യം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന്. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. മാസ്ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി
- ഒന്നാം ഘട്ടം ഡിസംബര്‍ 8
തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി,
- രണ്ടാം ഘട്ടം ഡിസംബര്‍ 10
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്
- മൂന്നാം ഘട്ടം ഡിസംബര്‍ 14
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
വോട്ടെടുപ്പ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണിവരെയാണ്. എല്ലാ ജില്ലകളിലും വോട്ടെണ്ണല്‍ ഡിസംബര്‍ 16 നാണ്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12 ന് പ്രസിദ്ധീകരിക്കും. അന്നുതന്നെ റിട്ടേണിംഗ് ഓഫീസര്‍ എല്ലാ വാര്‍ഡിലെയും തെരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിക്കും. ക്രിസ്തുമസിന് മുന്‍പ് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതിന് നടപടി സ്വീകരിക്കും.
പൊതു തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ 01 ന് പ്രസിദ്ധീകരിച്ചിരുന്നു. 2,71,20,821 വോട്ടര്‍മാരാണ് ഉള്ളത്. അതില്‍ 1,29,25,766 പുരുഷന്മാരും 1,41,94,725 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ട്രാന്‍സ്ജന്‍ഡേഴ്സ് 282 പേരാണ്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് 34,744 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്ത് തലത്തില്‍ 29321 പോളിംഗ് ബൂത്തുകള്‍, മുനിസിപ്പാലിറ്റികളില്‍ 3422, കോര്‍പറേഷനുകള്‍ക്ക് 2001 പോളിംഗ് ബൂത്തുകളും തയാറായി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും വരണാധികരികളെയും ഉപ വരണാധികാരികളെയും നിയമിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഉപയോഗിച്ചാണ് വോട്ടിംഗ്. വോട്ടിംഗ് മെഷീനുകളുടെ പരിശോധന പൂര്‍ത്തിയായി വരുന്നുണ്ട്. നവംബര്‍ 10 ഓടെ ആ പ്രവര്‍ത്തനം പൂര്‍ത്തിയാകും. കൊവിഡ് പശ്ചാതലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മാസ്ക്ക് സാനിറ്റൈസര്‍, ഗ്ലൗസ്, ഫെയിസ് ഷീല്‍ഡ് എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും.
സംസ്ഥാനത്ത് 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. അതില്‍ 1199 സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്. 941 ഗ്രാമപഞ്ചായത്ത് 152 ബ്ലോക്ക് പഞ്ചായത്തുകള്‍ 14 ജില്ലാ പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികളിലേക്കും ആറ് കോര്‍പറേഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. 941 ഗ്രാമപഞ്ചായത്തുകളില്‍ 15,962 വാര്‍ഡുകളാണ്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 വാര്‍ഡുകളും 14 ജില്ലാ പഞ്ചായത്തുകളിലായി 331 വാര്‍ഡുകളും 86 മുനിസിപ്പാലിറ്റികളിലായി 3078 വാര്‍ഡുകളും ആറ് കോര്‍പറേഷനുകളില്‍ 414 വാര്‍ഡുകളും അടക്കം 21865 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
Story Highlights – Local body elections in kerala three phases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here