പടക്കങ്ങളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം; മുസ്ലിം വ്യാപാരികൾക്ക് അക്രമി സംഘത്തിന്റെ ഭീഷണി: വിഡിയോ

ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിപ്പിച്ച പടക്കങ്ങൾ വിൽക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മുസ്ലിം വ്യാപാരികൾക്ക് അക്രമി സംഘത്തിൻ്റെ ഭീഷണി. ഇത്തരം പടക്കങ്ങൾ വിൽക്കരുതെന്നും സ്റ്റോക്ക് ചെയ്യരുതെന്നുമായിരുന്നു ഭീഷണി. അക്രമി സംഘം കടയിൽ അതിക്രമിച്ചു കയറിയെന്നും ഭീഷണിപ്പെടുത്തിയെന്നും വ്യാപാരികൾ ആരോപിക്കുന്നു. ഭീഷണിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Also : ദീപാവലിയോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. കാവി നിറത്തിലുള്ള ഷാൾ അഞ്ഞിഞ്ഞ ഒരു സംഘം ആളുകളാണ് ഭീഷണി മുഴക്കുന്നതായി കാണുന്നത്. ഇനിയും ഹിന്ദു ദൈവങ്ങളുടെ പേരിലുള്ള പടക്കങ്ങൾ വിറ്റാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് കച്ചവടക്കാർക്ക് നേരെയുള്ള ഇവരുടെ ഭീഷണി. “ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച പടക്കങ്ങൾ നിങ്ങൾ വിൽക്കാൻ പാടില്ല, അങ്ങനെ സംഭവിച്ചാൽ നിങ്ങൾ നടന്നു കാണാൻ ആഗ്രഹിക്കാത്ത കാര്യമായിരിക്കും സംഭവിക്കുന്നത്. സിഎഎ-എൻആർസി പ്രതിഷേധങ്ങളെ അനുകൂലിച്ച് നിങ്ങൾ കടകളടച്ച കാര്യങ്ങളൊന്നും ഞങ്ങൾ മറന്നിട്ടില്ല”.- വിഡിയോയിൽ ഒരാൾ പറയുന്നു. ഭീഷണിയിൽ ഭയന്ന് കച്ചവടക്കാർ ഇതിന് സമ്മതം മൂളുന്നതും വിഡിയോയിൽ കാണാം.
അതേസമയം, അക്രമകാരികൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി ദേവാസ് ജില്ലാ കളക്ടർ അറിയിച്ചു. സംഘത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.
Story Highlights – Muslim Shopkeepers Threatened In Madhya Pradesh Over Crackers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here