ഇറാഖ് യുദ്ധത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച നേതാവ്, അടിമുടി മാന്യനായ രാഷ്ട്രീയക്കാരന്‍- ജോ ബൈഡന്‍

അടിമുടി മാന്യനായ രാഷ്ട്രീയക്കാരനായി അറിയപ്പെടുന്ന നേതാവാണ് അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍. ബരാക് ഒബാമ പ്രസിഡന്റായിരുന്ന എട്ട് വര്‍ഷം വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച് പരിചയമുള്ള ഭരണകര്‍ത്താവായ ബൈഡന് പതീറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുണ്ട്.
1973 മുതല്‍ 2009 വരെ ഡെലാവെയറില്‍ നിന്നുള്ള സെനറ്ററായി പ്രവര്‍ത്തിച്ചുള്ള ദീര്‍ഘമായ പരിചയം. വിദേശകാര്യവുമായി ബന്ധപ്പെട്ട ഒട്ടേറെ നയങ്ങള്‍ക്ക് സംഭവാനകള്‍ നല്‍കി പരിചയമുള്ള ഭരണകര്‍ത്താവ്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ട്രംപില്‍ നിന്ന് വേറിട്ട വഴികളിലൂടെ നടന്ന നേതാവാണ് ജോ ബൈഡന്‍. 1942 നവംബര്‍ 20ന് പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റണില്‍ ജോസഫ്.ആര്‍.ബൈഡന്‍ സീനിയറിന്റെയും കാതറിന്‍ യൂജേനിയ ഫിന്നെഗന്നിന്റെയും മകനായാണ് ജോസഫ് റോബിനെറ്റ് ബൈഡന്‍ ജൂനിയറിന്റെ ജനനം. ക്ലേമൗണ്ടിലെ ആര്‍ക്ക്മിയര്‍ അക്കാദമിയില്‍ പ്രാഥമിക വിദ്യാഭ്യാസം. ഇവിടെ പഠിക്കുന്ന കാലത്ത് മികച്ച ഫുട്‌ബോള്‍ താരമായിരുന്നു. പിന്നീട് നെവാര്‍ക്കിലെ ഡെലാവെയര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം. 1968ല്‍ സൈറാക്യൂസ് നിയമ സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം നേടി. 1966ല്‍ സൈറാക്യൂസ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയായിരുന്ന നെയ്‌ലിയ ഹണ്ടറിനെ ജോ ബൈഡന്‍ വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ ജോസഫ്.ആര്‍.ബൈഡന്‍ മൂന്നാമന്‍, റോബര്‍ട്ട് ഹണ്ടര്‍ ബൈഡന്‍, നവോമി ക്രിസ്റ്റീന ബൈഡന്‍ എന്നീ മൂന്ന് മക്കള്‍. എന്നാല്‍ 1972ല്‍ ബൈഡന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമുണ്ടായി. ഭാര്യ നെയ്‌ലിയ ഹണ്ടറും ഒരു വയസുള്ള മകള്‍ നവോമിയും വാഹനാപകടത്തില്‍ മരിച്ചു. ഇതോടെ കടുത്ത വിഷാദത്തിലായ ബൈഡന്‍ രാഷ്ട്രീയം വിടുന്നതിനെക്കുറിച്ച് പോലും ആലോചിച്ചു. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ജില്‍ ട്രേസി ജേക്കബ്‌സിനെ കണ്ടുമുട്ടിയതോടെ ബൈഡന്റെ രാഷ്ട്രീയ ജീവിതം വീണ്ടും സജീവമായി. 77ല്‍ ബൈഡന്‍ ജില്ലിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലെ മകളാണ് ആഷ്‌ലി ബ്ലേസര്‍.
ഇറാഖ് യുദ്ധത്തിനെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച ശ്രദ്ധേയനായ ജോ ബൈഡന്‍ പതിറ്റാണ്ടുകളായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവാണ്. ദീര്‍ഘകാലമായി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിച്ചുള്ള പരിചയമുണ്ട്. ഡോണള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശകനായ ബൈഡന്‍, രാജ്യത്തെ ജനങ്ങളെ വംശീയമായി വിഭജിക്കുന്ന പ്രസിഡന്റാണ് ട്രംപെന്ന് പലവട്ടം ചൂണ്ടിക്കാട്ടുകയും കൊവിഡ് മഹാമാരിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ ട്രംപ് വന്‍പരാജയമാണെന്ന് രണ്ട് സ്ഥാനാര്‍ത്ഥി സംവാദങ്ങളിലും ആവര്‍ത്തിച്ച് ആരോപിക്കുകയും ചെയ്താണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മേല്‍ക്കൈ നേടിയത്. വര്‍ഷങ്ങളായി നികുതി അടച്ചിട്ടില്ലെന്നതും ട്രംപിനെതിരെ പ്രചാരണായുധമായി ഉപയോഗിച്ചു ബൈഡന്‍. കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയത് ജോ ബൈഡന്റെ ഏറ്റവും കൗശലപൂര്‍വമുള്ള രാഷ്ട്രീനീക്കമായിരുന്നു. പതിനെട്ട് ലക്ഷത്തോളം ഇന്ത്യന്‍ വംശജര്‍ക്ക് അമേരിക്കയില്‍ വോട്ടവകാശമുണ്ട്. കമലയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ആ വോട്ടുകള്‍ തനിക്ക് നേടാമെന്ന ബൈഡന്റെ കണക്കുകൂട്ടല്‍ ശരിയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. മാത്രമല്ല കമലയുടെ കറുത്ത വംശജ എന്ന പശ്ചാത്തലം ട്രംപിനെതിരെ നേരത്തെത്തന്നെ ഉയര്‍ന്നുവന്നിട്ടിള്ള കറുത്ത വര്‍ഗക്കാരുടെ വികാരം തനിക്കുള്ള വോട്ടാക്കി മാറ്റാമെന്ന ചിന്തയും ബൈഡനുണ്ടായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ വംശീയ വിദ്വേഷമില്ലാത്ത, രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന പ്രസിഡന്റായിരിക്കും താനെന്ന ഉറപ്പാണ് ജോ ബൈഡന്‍ അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയത്. ആ ഉറപ്പ് പാലിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അമേരിക്കന്‍ ജനത.
Story Highlights – Joe Biden elected 46th President of the United States
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here