കശ്മീരിൽ 3ജി, 4ജി സേവനങ്ങൾക്കുള്ള വിലക്ക് തുടരും

ജമ്മു കശ്മീരിൽ 3ജി, 4ജി ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്ക് തുടരും. ഈ മാസം 26 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതനുസരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഗന്ദെർബാൽ, ഉദ്ധംപൂർ ജില്ലകളിൽ വിലക്കുണ്ടാവില്ല. മറ്റു ജില്ലകളിൽ ഉള്ളവർക്ക് 2ജി സേവനങ്ങൾ ഉപയോഗിക്കാനാവും. പ്രത്യേക പദവി നീക്കം ചെയ്തതിനു ശേഷം കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങിയെന്ന് കേന്ദ്രം ആവർത്തിക്കുന്നതിനിടെയാണ് വീണ്ടും വിലക്ക് നീട്ടിയത്.
Read Also : ജമ്മു കശ്മീരിന്റെ ഭാഗമായി ലേ; തെറ്റായ ഭൂപടം പങ്കുവച്ച ട്വിറ്ററിനെതിരെ കേന്ദ്രത്തിന്റെ നോട്ടിസ്
ഭീകരവാദ പ്രവർത്തനങ്ങൾക്ക് തടയിടുന്നതിനായി വിലക്ക് തുടരേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്രം നൽകുന്ന വിശദീകരണം. വിലക്ക് നീക്കിയില്ലെങ്കിൽ തെരഞ്ഞെടുപ്പുകളിൽ അട്ടിമറി ഉണ്ടാവാൻ സാധ്യതയുണ്ടെന്നും കേന്ദ്രം പറയുന്നു. ഭീകരവാദ പ്രവർത്തനങ്ങൾ ഹൈ സ്പീഡ് ഇൻ്റനെറ്റ് സേവനങ്ങളുടെ സഹായത്തോടെയാണ് നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പൊതുജനങ്ങളെയും രാഷ്ട്രീയ പ്രവർത്തകരെയുമൊക്കെ കൊലപ്പെടുത്താൻ ശ്രമം നടന്നിരുന്നു. അതുകൊണ്ട് തന്നെ ഹൈ സ്പീഡ് ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യത ഇല്ലാതാക്കേണ്ടത് ഭീകരവാദ പ്രവർത്തനങ്ങളെ പ്രതിരോധിക്കുന്നതിന് അത്യാവശ്യമാണെന്നും കേന്ദ്രം പറയുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയോ വിദ്യാഭ്യാസത്തിനെയോ 4ജി വിലക്ക് ബാധിക്കില്ലെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
Read Also : ജമ്മുകശ്മീരിലും ലഡാക്കിലും ഭൂമി വാങ്ങാം; കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ജമ്മു കശ്മീരിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയത്. ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളയുകയും ആർട്ടിക്കിൾ 370 റദ്ദാക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായായിരുന്നു ഈ തീരുമാനം. ഈ വർഷം ജനുവരി 25ന് മൊബൈൽ ഫോണുകളിൽ 2ജി ഇൻ്റർനെറ്റ് സേവനം പുനരാരംഭിച്ചു. ഇൻ്റർനെറ്റ് വിലക്ക് ഏർപ്പെടുത്തിയത് നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു.
Story Highlights – 4G internet ban to continue till November 26 in Jammu Kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here