അഡലെയ്ഡിൽ കൊവിഡ് ബാധ രൂക്ഷം; ഓസീസ് ടീം അംഗങ്ങൾ ഐസൊലേഷനിൽ: ആദ്യ ടെസ്റ്റിനു ഭീഷണി

ഇന്ത്യ-ഓസ്ട്രേലിയ പര്യടനത്തിലെ ആദ്യ ടെസ്റ്റ് നടക്കുന്ന അഡലെയ്ഡിൽ കൊവിഡ് ബാധ രൂക്ഷം. ഓസീസ് ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ, വിക്കറ്റ് കീപ്പർ മാത്യു വെയ്ഡ്, ഓൾറൗണ്ടർ ക്രിസ് ഗ്രീൻ എന്നിവർ ഐസൊലേഷനിൽ പ്രവേശിച്ചു. ഇതോടെ ടെസ്റ്റ് മത്സരത്തിൻ്റെ ഭാവിയും അവതാളത്തിലായി.
ആഭ്യന്തര ക്രിക്കറ്റിൽ ടാസ്മാനിയക്ക് വേണ്ടി കളിക്കുന്ന താരങ്ങളാണ് പെയ്നും വെയ്ഡും. ഇരുവരും കഴിഞ്ഞ ആഴ്ച അഡലെയ്ഡിൽ ഷെഫീൽഡ് ഷീൽഡ് മത്സരം കളിച്ചിരുന്നു. ഇതോടെയാണ് താരങ്ങൾ ഐസൊലേഷനിൽ പ്രവേശിച്ചത്. ഗ്രീൻ വെസ്റ്റേൺ ഓസ്ട്രേലിയയുടെ താരമാണ്. സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും കൊവിഡ് ടെസ്റ്റ് നടത്തണമെന്നും സംസ്ഥാന സർക്കാർ തന്നെയാണ് താരങ്ങളോട് നിർദ്ദേശിച്ചത്.
Read Also : കോലി ‘കടലാസ് ക്യാപ്റ്റൻ’; സൂര്യകുമാർ യാദവ് വിവാദത്തിൽ
ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കാം എന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി കളിക്കുന്ന ഒരേയൊരു ടെസ്റ്റ് ആയതുകൊണ്ട് തന്നെ അഡലെയ്ഡ് ടെസ്റ്റിലേക്കുള്ള ടിക്കറ്റിനും ആവശ്യക്കാർ ഏറെയായിരുന്നു. എത്രയും വേഗം കൊവിഡ് പിടിച്ചുകെട്ടാൻ സാധിച്ചില്ലെങ്കിൽ ആദ്യ ടെസ്റ്റ് അഡലെയ്ഡിൽ കളിക്കാൻ സാധിക്കില്ല. എന്നാൽ, വേദി മാറ്റം ഉണ്ടാവില്ലെന്നും കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും അധികൃതർ പ്രതികരിക്കുന്നു. ഏതെങ്കിലും തരത്തിൽ അഡലെയ്ഡിൽ നിന്ന് ടെസ്റ്റ് മാറ്റിയാൽ സിഡ്നിയിലാവും മത്സരം നടക്കാൻ സാധ്യത.
നവംബർ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യൻ പര്യടനം ആരംഭിക്കുക. ഡിസംബർ നാലിനാണ് ടി-20 പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് പര്യടനത്തിൽ ഉള്ളത്.
ടെസ്റ്റ് പരമ്പരക്കിടെ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസിഐ പറ്റേണിറ്റി ലീവ് അനുവദിച്ചിട്ടുണ്ട്. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Story Highlights – Fresh COVID-19 cases in South Australia jeopardise Adelaide Test
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here