സയ്യിദ് മുഷ്താഖ് അലി ട്രോഫി ജനുവരിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ആഭ്യന്തര ടി-20 ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ജനുവരിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. അടുത്ത സീസണിലെ ഐപിഎൽ ലേലത്തിനു മുന്നോടിയായി ടൂർണമെൻ്റ് നടത്താൻ ബിസിസിഐ തയ്യാറെടുക്കുന്നു എന്നാണ് റിപ്പോർട്ട്. അടുത്ത രഞ്ജി ട്രോഫി സീസണു മുന്നോടിയായാണ് ലേലം നടത്തുക. അതിനും മുന്നോടിയായി സയ്യിദ് മുഷ്താഖ് അലി ട്രോഫി നടത്താനാണ് തീരുമാനം.
ടൂർണമെൻ്റ് നടത്തുന്നതിനായി ബയോ ബബിൾ സംവിധാനവും ഹോട്ടലുകളും ഒരുക്കുന്നതിനെപ്പറ്റി വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോട് ബിസിസിഐ അന്വേഷിച്ചിട്ടുണ്ട്. മൂന്ന് സ്റ്റേഡിയങ്ങളും ഫൈവ് സ്റ്റാർ ഹോട്ടലുകൾ അടക്കമുള്ള് മറ്റ് സൗകര്യങ്ങളും ഉള്ള 10 ക്രിക്കറ്റ് അസോസിയേഷനുകളോടെങ്കിലും ബിസിസിഐ ഇക്കാര്യങ്ങൾ അന്വേഷിച്ചു എന്നാണ് റിപ്പോർട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാവും ബാക്കിയുള്ള തീരുമാനങ്ങൾ. “ഇന്ത്യൻ താരങ്ങൾ കുറവുള്ള രണ്ടോ മൂന്നോ ടീമുകൾക്ക് എങ്കിലും അടുത്ത സീസണിലെ ഐപിഎൽ ലേലം സുപ്രധാനമാണ്. അതുകൊണ്ട് തന്നെ രഞ്ജി ട്രോഫിയ്ക്ക് മുൻപ് മുഷ്താഖ് അലി ട്രോഫി നടത്തണം. 10 അസോസിയേഷനുകളിൽ 6 അസോസിയേഷനുകളെങ്കിലും പോസിറ്റീവായ മറുപടി നൽകിയാൽ രണ്ടാഴ്ച കൊണ്ട് ടൂർണമെൻ്റ് നടത്താൻ കഴിയും.”- ബിസിസിഐ പ്രതിനിധി പറഞ്ഞതായി സ്ക്രോൾ റിപ്പോർട്ട് ചെയ്യുന്നു.
ഇക്കൊല്ലത്തെ ഐപിഎൽ യുഎഇയിലാണ് നടന്നതെങ്കിലും സയ്യിദ് മുഷ്താഖ് അലി ട്രോഫി ഇന്ത്യയിൽ തന്നെ നടത്തുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു.
Story Highlights – Syed Mushtaq Ali T20 tournament likely to take place in January
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here