പാലാരിവട്ടം പാലം അഴിമതി കേസ്; ഇബ്രാഹിംകുഞ്ഞിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയാറാക്കും

പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതി മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയാറാക്കും. തിങ്കളാഴ്ചയോടെ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക.
കോടതി നിര്‍ദേശപ്രകാരമാണ് പ്രത്യേക മെഡിക്കല്‍ സംഘം കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞിന്റെ ശാരീരിക- മാനസിക- ആരോഗ്യ നില പരിശോധിച്ചത്. ഇന്നലെ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തുകയായിരുന്നു. എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തില്‍ ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ പാനലിലുണ്ട്. ഇബ്രാഹിംകുഞ്ഞിന്റെ ശാരീരിക- മാനസിക- ആരോഗ്യമാണ് സംഘം പരിശോധിച്ചത്. നിലവില്‍ ഇബ്രാഹിം കുഞ്ഞിനെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല എന്ന് ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മെഡിക്കല്‍ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചതും കോടതി ഉത്തരവിട്ടതും. മാനസികനില അറിയുന്നതിനായി മെഡിക്കല്‍ സംഘം ഇബ്രാഹിംകുഞ്ഞിനോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി പരിശോധിക്കുകയും ചെയ്തിരുന്നു.
Story Highlights – Palarivattom bridge scam case; medical report of Ibrahim Kunju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here