ഡീഗോ മറഡോണ; കാലിൽ ലോകം കൊരുത്തോടിയ മനുഷ്യൻ
ഡീഗോ മറഡോണ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മവരിക ഹാൻഡ് ഓഫ് ഗോഡ് അഥവാ ദൈവത്തിൻ്റെ കൈ എന്നറിയപ്പെടുന്ന ഗോളായിരിക്കും. കാല്പന്തിൽ കൈ ഒഫൻസാണ്. റഫറിയുടെയും കളിയുടെയും ധർമ്മം അനുസരിച്ച് ചുവപ്പോ മഞ്ഞയോ കാർഡ് വാങ്ങി തർക്കിക്കാവുന്ന തെറ്റ്. അതാണ് മറഡോണയെപ്പറ്റി ഓർക്കുമ്പോഴുള്ള വിരോധാഭാസവും. ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഒരു ഇതിഹാസ താരത്തെപ്പറ്റി പറയുമ്പോൾ ആദ്യം ഓർമ്മിക്കപ്പെടുക കൈക് കൊണ്ട് അടിച്ച ആ ഗോൾ ആണെന്നത് അദ്ദേഹത്തോട് തന്നെ ചെയ്യുന്ന നീതികേടാവും. കാരണം, അതേ മത്സരത്തിൽ തന്നെ ഗോളി അടക്കം ആറ് ഇംഗ്ലീഷ് താരങ്ങളെ മറികടന്ന് അദ്ദേഹം നൂറ്റാണ്ടിലെ ഗോൾ നേടിയിരുന്നു. ‘ഞാനൊരു തെറ്റ് ചെയ്തു, അത് മറ്റാരും ചെയ്യരുതേ’ എന്ന് പലതവണ വിലപിച്ച അദ്ദേഹം ഹാൻഡ് ഗോളിൻ്റെ പാപത്തിൽ നിന്ന് പുറത്തുകടന്നവനാണ്.
ഒരു ബ്രസീൽ ആരാധകനെന്ന നിലയിൽ മറഡോണ എപ്പോഴും അസൂയയായിരുന്നു. കണക്കെടുപ്പിൽ പെലെ അടിച്ച ഗോളുകളുടെ എണ്ണം മറഡോണ നേടിയ ഗോളുകളെക്കാൾ അധികമാണ്. പക്ഷേ, കളിക്കളത്തിൽ മറഡോണ ഇൻ്റിമിഡേറ്റ് ചെയ്തതു പോലെ മറ്റാരും ചെയ്തിട്ടില്ല. 1986ലും 90ലും രണ്ട് തവണയാണ് അദ്ദേഹം അർജൻ്റീനയെ ലോകകപ്പ് കിരീടത്തിൽ എത്തിച്ചത്. 86ൽ അദ്ദേഹം ഒറ്റക്ക് അർജൻ്റീനയെ കിരീടത്തിൽ എത്തിച്ചു എന്ന് പറയുന്നത് ഒരിക്കലും അതിശയോക്തിയല്ല. ഇഎസ്പിഎൻ മറഡോണയുടെ 86 ലോകകപ്പ് ക്യാമ്പയിനെപ്പറ്റി പറഞ്ഞത് ‘ഒരു ലോകകപ്പിലെ ഏറ്റവും കലാമൂല്യമുള്ള (virtuoso) പ്രകടനം’ എന്നാണ്. ലോസ് ആഞ്ചലസ് ടൈം അടക്കമുള്ള രാജ്യാന്തര മാധ്യമങ്ങൾ ഒരു ലോകകപ്പിലെ ഏറ്റവും മഹത്തായ ഒറ്റയാൾ പ്രകടനം എന്ന് മറഡോണയെ വിശേഷിപ്പിച്ചു. കളിക്കളത്തിലെ ഈ അടക്കിവാഴൽ തന്നെയാണ് വെറും അഞ്ചടി അഞ്ചിഞ്ചുകാരനായ മറഡോണയെ ഔന്നത്യങ്ങളിൽ പ്രതിഷ്ഠിക്കുന്നത്.
Read Also : ഹൃദയാഘാതം; ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു
ബൊക്ക ജൂനിയേഴ്സിലും ബാഴ്സലോണയിലും നാപ്പോളിയിലുമൊക്കെയായി പരന്നുകിടക്കുന്ന ക്ലബ് കരിയറിൽ ഒരു ഐക്കോണിക് ദൃശ്യമുണ്ട്. ബാഴ്സ കുപ്പായത്തിൽ ആദ്യമായി റയൽ മാഡ്രിഡ് ആരാധകരുടെ കയ്യടി ഏറ്റുവാങ്ങുന്ന താരമായിരുന്നു മറഡോണ. റിയൽ മാഡ്രിഡ് ഗോൾ കീപ്പരെ മറികടന്ന് ഓപ്പൺ പോസ്റ്റിൽ മറഡോണ കാത്തുനിന്നു. ഡിഫൻഡർ ഓടിയെത്തി. അയാളെയും കബളിപ്പിച്ചാണ് അദ്ദേഹം വലയ്ക്കുള്ളിൽ പന്ത് എത്തിക്കുന്നത്.
ആ നിമിഷത്തിൽ സാൻ്റിയാഗോ ബെർണബ്യൂ ആർത്തലച്ചു. നിലക്കാത്ത കയ്യടി. പിന്നീട് ആകെ രണ്ട് താരങ്ങൾക്കേ അങ്ങനെ ഒരു ബഹുമാനം റയൽ മാഡ്രിഡ് ആരാധകർ നൽകിയിട്ടുള്ളൂ. റൊണാൾഡീഞ്ഞോയ്ക്കും ഇനിയേസ്റ്റയ്ക്കും. ദരിദ്ര കുടുംബത്തിൽ ജനിച്ച് 16ആം വയസ്സിൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച് ലോകം കീഴടക്കിയ ഡീഗോ, പറഞ്ഞു പഴകിയ നാടോടിക്കഥകളുടെ കൃത്യമായ പ്രതിബിംബമാണ്.
Story Highlights – remembering diego maradona special article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here