കൊവിഡ്; ഡല്‍ഹിയില്‍ ഒഴിവുള്ളത് വെന്റിലേറ്റര്‍ സൗകര്യമുള്ള 205 ഐസിയു ബെഡ്ഡുകള്‍ മാത്രം; 60 ആശുപത്രികളില്‍ പുതിയ രോഗികള്‍ക്കുള്ള സ്ഥലമില്ല

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന ഡല്‍ഹിയില്‍ ആശുപത്രികളിലെ സൗകര്യങ്ങളും കുറയുന്നു. ഡല്‍ഹിയില്‍ നിലവില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള 205 ഐസിയു ബെഡ്ഡുകള്‍ മാത്രമാണ് ഒഴിവുള്ളത്. അറുപത് ആശുപത്രികളില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കാനുള്ള സ്ഥലമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ 5,246 പേര്‍ക്ക് കൂടി ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവിലെ കാലാവസ്ഥയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
അതേസമയം, നവംബര്‍ ഒന്‍പതു മുതല്‍ 26 വരെ ഡല്‍ഹി നഗരത്തില്‍ കൊവിഡ് രോഗികള്‍ക്കായുള്ള ബെഡ്ഡുകളുടെ എണ്ണം 16,172 ല്‍ നിന്ന് 18,252 ആയി ഉയര്‍ത്തിയിട്ടുണ്ടെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. കഴിഞ്ഞ 15 ദിവസത്തിനിടെ 1359 ഐസിയു ബെഡ്ഡുകള്‍ ഉള്‍പ്പെടെ 2080 ബെഡ്ഡുകള്‍ കൊവിഡ് രോഗികള്‍ക്ക് തയാറാക്കിയതായി അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചിരുന്നു.
അതേസമയം, ഡല്‍ഹി സര്‍ക്കാരിന്റെ കൊവിഡ് വിവരങ്ങള്‍ അറിയിക്കുന്ന വെബ്‌സൈറ്റില്‍ ഇന്ന് വൈകുന്നേരത്തെ കണക്കുകള്‍ പ്രകാരം വെന്റിലേറ്ററുള്ള 205 ഐസിയു ബെഡ്ഡുകള്‍ മാത്രമാണ് ഒഴിവുള്ളത്. ഡല്‍ഹി കന്റോണ്‍മെന്റിലുള്ള ബേസ് ഹോസ്പിറ്റല്‍, നോര്‍ത്തേണ്‍ റെയില്‍വേ ഹാസ്പിറ്റല്‍, ശ്രീ ഗംഗാറാം ഹോസ്പിറ്റല്‍, ബാന്ദ്രാ ഹോസ്പിറ്റല്‍, വിഐഎംഎച്ച്എഎന്‍എസ്, ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലൊന്നും പുതിയ രോഗികളെ പ്രവേശിപ്പിക്കാന്‍ ബെഡ്ഡുകള്‍ ഒഴിവില്ല. ഡല്‍ഹി നഗരത്തില്‍ കൊവിഡ് ചികിത്സ നല്‍കുന്ന 100 ഓളം ആശുപത്രികളുണ്ട്. ഇവയില്‍ 30 ഓളം എണ്ണത്തില്‍ അഞ്ച് ബെഡ്ഡുകള്‍ മാത്രമാണ് ഒഴിവുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Story Highlights – Only 205 ICU beds with ventilators available in Delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here