കൊൽക്കത്ത ഡെർബി എടികെയ്ക്ക്; ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

കൊൽക്കത്ത ഡെർബിയിൽ ഈസ്റ്റ് ബംഗാളിനെതിരെ എടികെ മോഹൻബഗാന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് എടികെ ബദ്ധവൈരികളെ തകർത്തത്. റോയ് കൃഷ്ണ, മൻവീർ സിംഗ് എന്നിവരാണ് എടികെയ്ക്കായി സ്കോർ ചെയ്തത്. ഇതോടെ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച എടികെ പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി.
കഴിഞ്ഞ സീസണിലെ അതേ തന്ത്രമാണ് ഹബാസ് ഇക്കുറിയും പ്രയോഗിക്കുന്നത്. പ്രാക്ടിക്കൽ ഫുട്ബോൾ മാത്രം ലക്ഷ്യമിട്ടുള്ള പന്ത് കളി. പ്രതിരോധം ശക്തമാക്കി റോയ് കൃഷ്ണ, ഡേവിഡ് വില്ല്യംസ് എന്നിവരെ ആക്രമണത്തിനയക്കുന്ന തന്ത്രം രണ്ട് മത്സരങ്ങളിലും വിജയിച്ചു. ഈസ്റ്റ് ബംഗാൾ തന്നെയായിരുന്നു ഇന്ന് ചിത്രത്തിലുണ്ടായിരുന്നത്. മികച്ച ബോൾ കൺട്രോൾ, ബോൾ പൊസിഷൻ, പാസുകളുടെ കൃത്യത എന്നിങ്ങനെ സകല മേഖലകളിലും മുന്നിട്ടു നിന്ന അവർ ആദ്യ പകുതിയിൽ പലതവണ ഗോളിനരികെ എത്തിയതാണ്. എന്നാൽ, എടികെ പ്രതിരോധം ഭേദിക്കാനായില്ല. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
Read Also : ഐഎസ്എൽ: ഇന്ന് കൊൽക്കത്ത ഡെർബി
രണ്ടാം പകുതിയ്ക്ക് അഞ്ച് മിനിട്ട് മാത്രം പ്രായമായപ്പോൾ എടികെ ആദ്യ വെടി പൊട്ടിച്ചു. ജാവിയർ ഹെർണാണ്ടസ് നൽകിയ പാസ് മാറ്റി സ്റ്റെയിന്മാൻ്റെ കാലിൽ തട്ടി തെറിച്ചപ്പോൾ പന്ത് റോയ് കൃഷ്ണയ്ക്ക് അടിക്കാൻ പാകത്തിൽ. പന്ത് വല കുലുക്കി. ഗോളിനു ശേഷം അല്പം കൂടി മെച്ചപ്പെട്ട ബിൽഡപ്പുകളും പന്തടക്കവും എടികെ കാഴ്ച വെച്ചു. എങ്കിലും ഈസ്റ്റ് ബംഗാളിനു തന്നെയായിരുന്നു മുൻതൂക്കം. പക്ഷേ, 85ആം മിനിട്ടിൽ മൻവീർ സിംഗ് നേടിയ ഗോൾ ഈസ്റ്റ് ബംഗാളിനെ തകർത്തുകളഞ്ഞു. പ്രബീർ ദാസിൻ്റെ ഒരു ലോംഗ് ബോളിൽ നിന്നാണ് മൻവീർ ഗോൾ കണ്ടെത്തിയത്.
Story Highlights – atk mohun bagan won against east bengal isl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here